ന്യൂദല്‍ഹി: രാജ്യത്തെ 1.62 കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി റദ്ദാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവഴി കോടികളുടെ സബ്‌സിഡി ചോര്‍ച്ച തടയാന്‍ സാധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷിക പരിപാടികളോടനുബന്ധിച്ച് ഇന്ത്യാഗേറ്റില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യുപിഎ സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങളും എന്‍ഡിഎയുടെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു. എന്‍ഡിഎ സര്‍ക്കാരിനെ വികസനമെന്ന അജണ്ടയാണ് നയിച്ചതെന്നും എന്നാല്‍ യുപിഎ ഭരണകാലം പ്രതിബന്ധങ്ങളാണ് രാജ്യത്തിന് സമ്മാനിച്ചതെന്നും മോദി പറഞ്ഞു. ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം കണ്ടെത്താന്‍ ജനത്തിന് കഴിവുണ്ട്. ജനങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന പിന്തുണ ദിനംപ്രതി വര്‍ദ്ധിക്കുന്നത് ഇതാണ് തെളിയിക്കുന്നത്.
രാജ്യത്തു നിന്നും അഴിമതി തുടച്ചുനീക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ജനാധിപത്യത്തില്‍ എല്ലാവരുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും. എന്‍ഡിഎ സര്‍ക്കാരിലുള്ള ജനങ്ങളുടെ പ്രതീക്ഷ വര്‍ദ്ധിക്കുന്നതാണ് സര്‍ക്കാരിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍. എന്നാല്‍ ചില വിമര്‍ശനങ്ങളുയരുന്നത് രാഷ്‌ട്രീയ കാരണങ്ങളാല്‍ മാത്രമാണ്. അഴിമതിയുടെ അടിവേരുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇളക്കുന്നത്. വിവിധ പദ്ധതികളുടെ നിര്‍വഹണത്തിലുണ്ടാകുന്ന 36,000 കോടി രൂപയുടെ ചോര്‍ച്ചയാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്. മുന്‍ സര്‍ക്കാര്‍ അഴിമതി തടയുന്നതില്‍ പരാജയമായിരുന്നെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സര്‍വ്വമേഖലകളിലെയും അഴിമതി ഇല്ലാതാക്കാനാണ് ശ്രമിച്ചത്, മോദി പറഞ്ഞു.
രാജ്യത്ത് വൈദ്യുത മോഷണം അവസാനിപ്പിക്കാനും 2 വര്‍ഷം കൊണ്ട് സാധിച്ചിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 5 കോടി പേര്‍ക്ക് പാചകവാതക കണക്ഷനുകള്‍ പുതുതായി നല്‍കും. സദ്ഭരണത്തിന്റെ പ്രധാന ലക്ഷണം, അതിന്റെ പൗരന്മാരിലുള്ള സര്‍ക്കാരിന്റെ വിശ്വാസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ കേന്ദ്രമന്ത്രിമാര്‍ 6 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പങ്കെടുത്തു മന്ത്രാലയങ്ങളുടെ നേട്ടങ്ങള്‍ വിശദീകരിച്ചു. അമിതാഭ് ബച്ചന്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ അണിനിരന്ന പരിപാടി ദല്‍ഹിവാസികള്‍ക്ക് അവിസ്മരണീയമായി.
















