അമ്പലപ്പുഴ: വെള്ളക്കെട്ടിനു നടുവില്‍ വൃദ്ധ ദമ്പതികള്‍ക്ക് ദുരിതകാലം. വഴി നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പഞ്ചായത്ത് ഭരണ സമിതി അട്ടിമറിച്ചു. പുറക്കാട് പഞ്ചായത്തില്‍ സ്മൃതി വനത്തിനായി ഏറ്റെടുത്ത മണയ്‌ക്കല്‍ പാടത്തിനു നടുക്കാണ് വൃദ്ധദമ്പതികളായ ചേക്കകളം വീട്ടില്‍ കമലമ്മയും ഭര്‍ത്താവ് മുരളിയും പുറത്തിറങ്ങാന്‍ വഴിയില്ലാതെ വെള്ളക്കെട്ടിനു നടുവില്‍ കഴിയുന്നത്.
നാലുവശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപു പോലെയുള്ള പ്രദേശത്ത് നിരവധി വീടുകള്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് സഹായത്തിന് ആരുമില്ലാതെ കഴിയുകയാണ്. നിലവില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമീപത്തെ ഉയര്‍ന്ന പറമ്പില്‍ക്കൂടി പാലമിട്ടായിരുന്നു ഇവര്‍ യാത്രചെയ്തിരുന്നത്.
പിന്നീട് അയല്‍വാസി വഴി നിഷേധിച്ചതോടെ ഇവര്‍ ഒറ്റപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ സസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ 2015 മാര്‍ച്ച് 16ന് ഇവര്‍ക്ക് വഴി നല്‍കാന്‍ വേണ്ട സാഹചര്യം ബന്ധപ്പെട്ടവര്‍ ഒരുക്കണമെന്ന് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ പോലീസും പഞ്ചായത് ഭരണ സമിതിയും ഉത്തരവ് അട്ടിമറിക്കുകയായിരുന്നു.
നിലവില്‍ വെള്ളത്തിനു നടുക്ക് കഴിയുന്നതിനാല്‍ ബന്ധുക്കളും ഇവരെ തിരിഞ്ഞുനോക്കാറില്ല. പ്രായമായതിനാല്‍ എന്തെങ്കിലും രോഗം ബാധിച്ചാല്‍ ആശുപത്രിയില്‍ പോലും എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഈ ദമ്പതികള്‍.
















