ആലപ്പുഴ: മദ്ധ്യവേനല്‍ അവധിക്കാലത്തിനു വിട നല്‍കി കുട്ടികള്‍ ക്ലാസുകളിലേക്കു ചുവടുവയ്‌ക്കാന്‍ ഇനി രണ്ടു നാളുകള്‍ മാത്രം. അടഞ്ഞുകിടന്ന സ്‌ക്കൂളുകളും, ക്ലാസുമുറികളും അണിഞ്ഞൊരുങ്ങി തുടങ്ങി, നാട്ടുകാരുടെയും രക്ഷകര്‍ത്താക്കളുടെയും സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും തകൃതിയായി നടക്കുന്നത്. പുതിയ കൂട്ടുകാര്‍ എത്തുന്ന എല്‍പി സ്‌കൂളുകളില്‍ പലയിടത്തും കെട്ടിടങ്ങളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വന്യമൃഗങ്ങളുമടക്കമുള്ളവയുടെ ചിത്രങ്ങളുമൊക്കെ നവാഗതര്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.
നവാഗതര്‍ക്കായി പുത്തന്‍ കളിപ്പാട്ടങ്ങളും സ്‌കൂളുകളില്‍ ഒരുങ്ങുന്നുണ്ട്. ഇത്തവണ ജില്ലാതല പ്രവേശനോത്സവം കഞ്ഞിക്കുഴി എസ്എല്‍ പുരം ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. പഞ്ചായത്ത് തലത്തിലും നഗരസഭാതലത്തിലും സ്‌കൂളുകളില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വര്‍ണ ബലൂണുകളും മധുരവുമായി സ്‌കൂളിലേക്കെത്തുന്ന പുത്തന്‍ കൂട്ടുകാരെ വരവേല്ക്കാനുള്ള കാത്തിരിപ്പിലാണ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍.
പക്ഷെ സ്‌ക്കൂള്‍ പ്രവേശനോത്സവത്തിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വളരെ കുറഞ്ഞു പോയെന്ന് പരാതി ഉയരുന്നുണ്ട്. സ്‌ക്കള്‍ തല പ്രവേശനോത്സവത്തിന് 500 രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അക്ഷരസൂര്യനുദിച്ചു… എന്ന പി. ജയചന്ദ്രന്‍ ആലപിച്ച ഗാനമാണ് പ്രവേശനോത്സവത്തില്‍ നവാഗതരെ സ്വീകരിക്കാന്‍ തയ്യാറാക്കിയിട്ടുള്ളത്.
നവാഗതര്‍ ഒഴികെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം തീയതി മുഴുവന്‍ സമയവും അദ്ധ്യയനം ഉണ്ടായിരിക്കും. സ്‌കൂളിലേക്കു പോകുന്നതിനുള്ള മുന്നൊരുക്കം കുട്ടികള്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ ആരംഭിച്ചിരുന്നു. സ്‌കൂള്‍ വിപണിയും ആഴ്ചകളായി സജീവമാണ്. തെരഞ്ഞെടുപ്പു തിരക്കുമൂലം മന്ദതയിലായിരുന്ന വിപണി തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം ആലസ്യത്തില്‍ നിന്നുണര്‍ന്നു.
















