ഗാന്ധിജിയുടെ ചിത്രം വാമനപുരം പഞ്ചായത്തിലെ കോണ്‍ഫറന്‍സ് ഹാളിലെ ചവറുകള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയില്‍
വെഞ്ഞാറമൂട്: സിപിഎം ഭരിക്കുന്ന വാമനപുരം പഞ്ചായത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ചവറ്റുകുട്ടയില്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രമാണ് ഇന്നലെ ചവറ്റുകുട്ടയില്‍ കാണപ്പെട്ടത്. പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ക്കൊപ്പമാണ് മഹാത്മാഗാന്ധിയുടെ ചിത്രവും ഉപേക്ഷിച്ചത്. അന്തരിച്ച മുന്‍ പ്രസിഡന്റ് പത്മിനി സോമശേഖരന്റെ ചിത്രവും ചവറ്റുകുട്ടയില്‍ ഒപ്പമുണ്ട്. പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നെങ്കിലും നിയമസഭാ തെരെഞ്ഞെടുപ്പായതിനാല്‍ എല്‍ഡിഎഫ് ഭരണ സമിതിയുടെ ‘ശരിയാക്കല്‍’ആരംഭിച്ചിരുന്നില്ല.
ഇന്നലെ രാവിലെ ഓഫീസിലെത്തിയ ചില ജനപ്രതിനിധികളാണ് സംഭവം കണ്ടത്. ഉദ്യോഗസ്ഥരോട് ഗാന്ധിജിയുടെ ചിത്രം സൂക്ഷിച്ച് വയ്‌ക്കണമെന്നും രാജ്യദ്രോഹകുറ്റത്തിന് സമാനമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഹാള്‍ തുറക്കുവാനോ ചിത്രം എടുത്ത് സൂക്ഷിക്കുവാനോ തയ്യാറായില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുറിക്കുള്ളിലെ ചിത്രം മാറ്റിയതെന്നാണ് അറിയുന്നത്. സംഭവത്തില്‍ ബിജെപിയും പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടിയും പരാതി നല്‍കിയിട്ടുണ്ട്.
















