kpms sp office march, ktr
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ പട്ടികജാതി യുവതി മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് കൊല്ലം റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നൂറ്കണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പുലമണ്‍ പ്ലാസയില്‍ നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.
കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരെ കേസെടുത്ത് അറസ്റ്റ്‌ചെയ്യാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ കേരളത്തിലെ മുഴുവന്‍ പുലയസമൂഹവും ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങുമെന്ന് വാവ പറഞ്ഞു. ഈ മുന്നേറ്റത്തെ തടയാന്‍ പോലീസ് സംവിധാനം മതിയാകാതെ വരും. കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങള്‍ക്കെതിരെ അതിക്രം വ്യാപകമാവുകയാണ്. ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടും പോലീസ് പട്ടികജാതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ തയ്യാറാകാത്തതാണ് അതിക്രമം വര്‍ദ്ധിക്കാന്‍ കാരണം.
ഈ സമൂഹത്തിന് കിട്ടേണ്ട അവകാശങ്ങളും ഫണ്ടുകളും സര്‍ക്കാരുകള്‍ വകമാറി ചെലവഴിക്കുന്നതാണ് കേരളത്തില്‍ ജിഷമാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. കൊട്ടാരക്കരയില്‍ പാവപ്പെട്ട പെണ്‍കുട്ടി ഡോക്ടറുടെ അനാസ്ഥമൂലം മരിച്ചിട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കന്നതിനു പകരം പോലീസും കെജിഎംഒയും മുടന്തന്‍ ന്യായങ്ങളാണ് പറയുന്നത്. ജീവിതത്തില്‍ അപസ്മാര ലക്ഷണം കാണിക്കാത്ത യുവതി അപസ്മാര ബാധയുണ്ടായി മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായനടപടി ആണന്നും വാവ പറഞ്ഞു.
മനുഷ്യത്വമില്ലാതെ ആതുര സേവന താത്പര്യവും അട്ടിമറിച്ച് നരഹത്യക്ക് നേതൃത്വം കൊടുത്ത ഡോക്ടറെ സംരക്ഷിക്കാനുള്ള ഐഎംഎ, കെജിഎംഒ സംഘടനകളുടെ നീക്കം പ്രതിഷേധാര്‍ഹമാണന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി ഉഷാലയം ശിവരാജന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം ജി. സുരേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി രാജു തിരുമുല്ലാവാരം, ജില്ലാ വൈസ് പ്രസിഡന്റ് ചിറ്റയം രാമചന്ദ്രന്‍, ജില്ലാ ട്രഷറര്‍ പി. ശിവദാസന്‍, മുളവന മോഹനന്‍, അശോകന്‍ അഖിലാസ്, കൊട്ടാരക്കര യൂണിയന്‍ സെക്രട്ടറി എന്‍. ബ്രഹ്മദാസ്, കരവാളൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ 14നാണ് കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് വിമലാലയത്തില്‍ ബൈജുവിന്റെ ഭാര്യ സഹിതയെ പ്രസവവേദനയെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ച ശേഷം ഡോക്ടര്‍ പുറത്തുപോകുകയായിരുന്നു. പിന്നീട് യുവതി മരിച്ച് അരമണിക്കൂറിനകമാണ് ഡോക്ടര്‍ എത്തിയതെന്നാണ് ആരോപണം. ഡ്യൂട്ടി നഴ്‌സാണ് യുവതി മരിച്ചതായി ബന്ധുക്കളെ അറിയിച്ചത്. യുവതിയെ ചികിത്സിച്ച ഡോക്ടറായ ശ്രീജ പ്രസവവേദനയുമായി എത്തിയ യുവതിയെ വേണ്ടപോലെ പരിചരിച്ചില്ലെന്ന് ബന്ധുക്കള്‍ അന്ന് ആരോപണം ഉന്നയിച്ചിരുന്നു.
















