കാഞ്ഞങ്ങാട്: ശസ്ത്രക്രിയക്കിടെ ഉണ്ടായ അനാസ്ഥയെ തുടര്‍ന്ന് നവജാതശിശു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. നവജാത ശിശുവിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി.
ഉദുമ കുണ്ടുകുളംപാറയിലെ ഓട്ടോ െ്രെഡവര്‍ സജിത്തിന്റെ ഭാര്യ ഇന്ദുവിന്റെ കടിഞ്ഞൂണ്‍ പ്രസവത്തിലെ കുഞ്ഞാണ് ശസ്ത്രക്രിയയിലെ അനാസ്ഥമൂലം മരിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് ഇന്ദുവിനെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രണ്ടു മണിക്കൂറിന് ശേഷമാണ് ഡോക്ടര്‍ ശസ്ത്രക്രിയയ്‌ക്കെത്തിയത്. ഇതിനുശേഷം കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചതായി ഗൈനക്കോളജിസ്റ്റ് അറിയിക്കുകയായിരുന്നു.
ഡോക്ടര്‍ രണ്ടു മണിക്കൂര്‍ വൈകിയെത്തിയത് കൊണ്ടാണ് കുഞ്ഞ് മരിച്ചതെന്നും ഡോക്ടറുടെ കടുത്ത അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നും കാണിച്ച് സജിത്ത് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഗൈനക്കോളജിസ്റ്റ് ഡോ. ജയശ്രീക്കെതിരെ പോലീസ് കേസെടുത്തത്. പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ള ഞായറാഴ്ച അവധിയായതിനാല്‍ മൃതദേഹം തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ഹൊസ്ദുര്‍ഗ് പോലീസ് അറിയിച്ചു.
ഇന്ദുവിന് പ്രസവവേദന ഉണ്ടായപ്പോള്‍ നഴ്‌സുമാര്‍ ഗൈനക്കോളജിസ്റ്റിനെ വിവരമറിയിക്കുകയും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശസ്ത്രക്രിയക്കായി ഓപ്പറേഷന്‍ തീയേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ നില അതീവ ഗുരുതരമാണെന്ന് അറിയിഞ്ഞിട്ടും ഡോ. ജയശ്രീ പുലര്‍ച്ചെ നാലു മണിക്ക് ശേഷമാണ് ശസ്ത്രക്രിയക്കായി ജില്ലാ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ കൃത്യമായ സമയത്തെത്തിയിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
















