ബെംഗലൂരു: മദ്ധ്യവയസ്കയെ കൂട്ടമാനഭംഗം ചെയ്തു. ബെംഗലൂരുവിലെ ചിക്കമനഹള്ളി പ്രദേശത്താണ് 50 വയസുള്ള വീട്ടുജോലിക്കാരിയെ രണ്ട് പേർ ചേർന്ന് കൂട്ടമാനഭംഗം ചെയ്തത്.
വീട്ട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയെ പ്രതികളായ സതീഷും സുഹൃത്തും ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടെന്ന് പറഞ്ഞ് കൂടത്തിൽ വരാൻ ആവശ്യപ്പെട്ടു. പരിചയമുണ്ടായിരുന്നതിനാൽ സ്ത്രീ അവരുടെ കൂടെ പോകുകയായിരുന്നു. തുടർന്ന് ആളില്ലാത്ത പ്രദേശത്ത് എത്തിച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും സ്ത്രീയെ കീഴ്പ്പെടുത്തുകയാണുണ്ടായത്.
യുവാക്കൾ പൂർണമായും മദ്യപിച്ചിരുന്നു. പീഡനത്തിനു ശേഷം വിവരം പുറത്ത് പറയരുതെന്ന് സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശ നിലയിൽ വീട്ടിലെത്തിയ സ്ത്രീ പീഡന വിവരം ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഇരുവരും ഹുളിമാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പ്രതികളിലൊരാളായ സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതിക്കു വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ഭൂട്ടാൻ സ്വദേശിനിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത്.
















