ജെയ്‌സല്‍മര്‍: അത്യുഷ്ണത്തില്‍ പൊരിയുന്ന രാജസ്ഥാനില്‍ നിന്ന് പൊള്ളുന്ന ഒരു കൗതുക വാര്‍ത്ത. മരുഭൂമിയായ ജെയ്‌സാല്‍മറില്‍ താപനില 51 ഡിഗ്രി കവിഞ്ഞു. ഇവിടെ ഭാരത- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍, മരുഭൂമിയിലെ മണലില്‍ പപ്പടം ചുട്ടെടുക്കുകയാണ് സൈനികര്‍, തീയുടെ സഹായം തെല്ലുമില്ലാതെ.
വേണമെങ്കില്‍ ചുട്ടുപൊള്ളുന്ന ഈ മണലില്‍ അരിയും വേവിക്കാം. അരികഴുകി പാത്രത്തില്‍ വെള്ളം നിറച്ച് മണലില്‍ വെച്ചാല്‍ മതി. എന്നാല്‍ മൂന്നു മണിക്കൂര്‍ സമയമെടുക്കുമെന്നുമാത്രം. സൈനികര്‍ പറയുന്നു.
അതിര്‍ത്തിയിലെ താപനില നിലവില്‍ 54.5 ഡിഗ്രി സെല്‍ഷ്യസാണെന്നാണ് ബിഎസ്എഫ് ജവാന്മാര്‍ പറയുന്നത്. എന്നാല്‍ അധികൃതര്‍ ഇതേപ്പറ്റി ഒന്നും പറയുന്നില്ല. ഈ ചൂടില്‍ ജവാന്മാരുടെ നിലനില്‍പ്പും അപകടത്തിലാണ്. അതിര്‍ത്തിയില്‍ പട്രോളിങ്ങിലുള്ളവര്‍ ആയുധങ്ങളോടൊപ്പം വെള്ളം നിറച്ച കുപ്പികളും ചുമന്ന് നടക്കേണ്ട അവസ്ഥയിലാണ്. കനത്തചൂടില്‍ ചുട്ടുതിളയ്‌ക്കുന്ന മണലില്‍ ജവാന്മാരുടെ ഷൂവിന്റെ സോള്‍ വരെ ഉരുകുന്നുണ്ട്. അതുകൊണ്ട് ബിഎസ്എഫ് ഒട്ടകത്തിന്റെ പുറത്തുകയറിയാണ് പട്രോളിംഗ് നടത്തുന്നത്. എന്നാല്‍ ചൂട് കൂടിയതിനാല്‍ ഒട്ടകങ്ങളും ഇതിലൂടെ നടക്കാന്‍ മടിക്കുന്നു.
















