ഗുവാഹത്തി: ആസാം വഴിയുള്ള അനധികൃത കുടിയേറ്റം വർധിക്കാൻ കാരണം കോൺഗ്രസാണെന്ന് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് ബദരുദിൻ അജ്മൽ. കുടിയേറ്റത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ആസാമിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 11 വർഷമായി തങ്ങൾ ഈ അനധികൃത കുടിയേറ്റത്തെ അവസാനിപ്പിക്കണമെന്നും, അതിർത്തി കവാടങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്നു ആസാമിലെ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. 1971ന് ശേഷം ഭാരതത്തിലെത്തിയ അനധികൃത ബംഗ്ലാദേശികളെ നാടു കടത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ബംഗ്ലാദേശി ആസാമിലെത്തിയാൽ മുസ്ലീം സഹോദരന്മാരുടെ വീടുകളിൽ ഒളിച്ചിരിക്കുകയാണ് പതിവ്. തങ്ങൾ ഓരോ വീടും കയറി ഇത്തരക്കാരെ പിടികൂടാറുണ്ട്. ഒരിക്കലും ആരെയും ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. മറിച്ച് നിയമത്തിനു മുന്നിൽ എത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് അതിർത്തികളിൽ ഇരുമ്പ് വേലി കെട്ടുന്നതിനെ അദ്ദേഹം എതിർത്തു. ഇത്തരത്തിൽ കമ്പി വേലികൾ കെട്ടിയാലും അവർ നുഴഞ്ഞു കയറും. ഒപ്പം കോടിക്കണക്കിന് രൂപ ചിലവാക്കി ഇവ നിർമ്മിക്കുന്നതിൽ യാതൊരു പ്രയോജമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിർത്തികളിൽ സൈന്യത്തിന്റെ കനത്ത സുരക്ഷ തന്നെയാണ് ഇതിനുള്ള ഏറ്റവും അനുയോജ്യമായ പ്രതിവിധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏത് വിധേനയും അതിർത്തിയിലെ കൂട്ട കുടിയേറ്റത്തെ ചെറുക്കുവാൻ തങ്ങളുടെ പാർട്ടിക്ക് സാധിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഇത്രയും നാൾ അധികാരത്തിൽ ഇരുന്ന കോൺഗ്രസ് കുടിയേറ്റം തടയാൻ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















