ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റോനു ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് നാശം വിതച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര തീരപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അതിശക്തമായ മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുധനാഴ്ച വൈകുന്നേരം മുതല്‍ ആന്ധ്ര തീരപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തുവരികയാണ്. നെല്ലൂര്‍, പ്രകാശം, കൃഷ്ണ, കിഴക്കന്‍ ഗോദാവരി തുടങ്ങിയ ജില്ലകളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനവുമായി ദേശീയ ദുരന്ത നിവാരണ സേനയും ദുരന്തബാധിത പ്രദേശങ്ങളില്‍ സജീവമാണ്.നാശനഷ്ടങ്ങള്‍ കണകാക്കിയിട്ടില്ല.
ആന്ധ്രയിലെ തെലങ്കാനയിലും, റായല്‍സീമയിലും കനത്ത പേമാരിയുണ്ടാകുമെന്ന് വിശാഖപട്ടണം സൈക്ലോണ്‍ വാണിംഗ് സെന്റര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തൊണ്ണൂറു മുതല്‍ നൂറു കിലോമീറ്റര്‍ വരെ വേഗതയില്‍ തീരത്ത് കാറ്റു വീശാന്‍ സാദ്ധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ശ്രീലങ്കയില്‍ റോനു ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. കാറ്റിന്റെ കെടുതികളില്‍പ്പെട്ട് 18 പേരാണ് ഇതുവരെ മരണമടഞ്ഞത്.
















