കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ പരാജയം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് കെ.സുധാകരന്‍ പരാജയപ്പെടുകയും സിപിഎമ്മിലെ പി.കെ.ശ്രീമതി വിജയിക്കുകയും ചെയ്തതിനു പിന്നാലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യമായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണവും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലം കൂടി നഷ്ടപ്പെട്ടത് ചരിത്രത്തിലില്ലാത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിലെ ഘടകകക്ഷിയായ കോണ്‍ഗ്രസ് എസിനു മുന്നിലാണ് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സതീശന്‍ പാച്ചേനിക്ക് അടിയറവെക്കേണ്ടി വന്നത്. മൂസ്ലീംലീഗിനുള്‍പ്പടെ ശക്തമായ സ്വാധീനമുളള മണ്ഡലത്തില്‍ തോല്‍ക്കേണ്ടിവന്നത് യുഡിഎഫിനകത്തും വരും ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്‌ക്കും.
യുഡിഎഫ് വിജയം ഉറപ്പിച്ച കണ്ണൂരിലെ പരാജയം കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ ശക്തമായ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്ന കാര്യം ഉറപ്പാണ്. പി.കെ.രാഗേഷിനു വേണ്ടി കോണ്‍ഗ്രസ് വിമതനായി മത്സരിച്ച മുന്‍ ലീഗ് നേതാവ് അഞ്ഞൂറില്‍ താഴെ മാത്രം വോട്ടുപിടിച്ചിട്ടും കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സതീശന്‍ പാച്ചേനി പരാജയപ്പെട്ടത് കണ്ണൂരിലെ ഗ്രൂപ്പ് പോരിനും വഴിയൊരുക്കും. എ ഗ്രൂപ്പ് നേതാവായിരുന്ന പാച്ചേനിക്ക് ഐ ഗ്രൂപ്പിന്റെ അനുഗ്രഹത്തോടെയായിരുന്നു കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. അതോടെ എ ഗ്രൂപ്പ് പാച്ചേനിയെ കൈവിട്ടിരുന്നു. അതുകൊണ്ടുതന്നെ എ ഗ്രൂപ്പുകാര്‍ പാച്ചേനിക്കെതിരെ വോട്ട് ചെയ്തതായാണ് സൂചന. കൂടാതെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ പഴയ സ്ഥാനാര്‍ത്ഥികളേയും പരാജയപ്പെടുത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പ്രതികാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാച്ചേനിക്കെതിരെ തിരിയാന്‍ ലീഗ് നേതൃത്വത്തേയും അണികളേയും പ്രേരിപ്പിച്ചതായും സൂചനയുണ്ട്. പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുളള വിമതശല്യം മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമയിലേക്ക് ചേക്കേറി മത്സരിക്കുകയായിരുന്നു. എന്നാല്‍ അവിടേയും സുധാകരന് കാലിടറി. ഉദുമയിലെ സുധാകരന്റെ പരാജയവും കണ്ണൂരിലെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സിറ്റിംഗ് സീറ്റില്‍ നിന്നും അബ്ദുളളക്കുട്ടിയെ മാറ്റി തലശ്ശേരിയില്‍ മത്സരിപ്പിച്ചതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ഇതോടെ തലശ്ശേരി പിടിക്കാനുളള ശ്രമവും പാച്ചേനിയിലൂടെ കണ്ണൂര്‍ നിലനിര്‍ത്താമെന്നുളള പ്രതീക്ഷയും വൃഥാവിലാവുകയായിരുന്നു.
















