പാനൂര്‍: കൂത്തുപറമ്പില്‍ കരുത്തു കാട്ടി എന്‍ഡിഎ. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥി നേടിയത് 11,835 വോട്ടാണെങ്കില്‍ ഇക്കുറി സദാനന്ദന്‍മാസ്റ്ററിലൂടെ ബിജെപി 20,787 വോട്ടു നേടിയാണ് ശക്തമായ സാന്നിധ്യം മണ്ഡലത്തില്‍ അറിയിച്ചിട്ടുള്ളത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോദിപ്രഭാവത്തില്‍ പോലും 14000 വോട്ടാണ് ഇവിടെ ബിജെപി നേടിയത്. ഇതെല്ലാം മറികടന്നാണ് ഈ തിരഞ്ഞെടുപ്പില്‍ ഐതിഹാസികമായി പോരാട്ടത്തിനിറങ്ങിയ സദാനന്ദന്‍മാസ്റ്റര്‍ ഇരുമുന്നണികള്‍ക്കും ഭാവിഭീഷണിയുയര്‍ത്തി വോട്ടു വര്‍ദ്ധിപ്പിച്ചിട്ടുളളത്. സംഘടനപരമായി ഏറെ ഗുണകരമാവുന്ന രാഷ്‌ട്രീയ പരിവര്‍ത്തനമാണ് മണ്ഡലത്തില്‍ സംഭവിച്ചിട്ടുള്ളത്. കൂത്തുപറമ്പില്‍ സിപിഎമ്മിനു മുഖ്യഎതിരാളിയായി ബിജെപി രംഗത്തു വരുന്ന കാഴ്ചയാണ് ഇനി കാണാന്‍ സാധിക്കുക. സിപിഎമ്മിന്റെ ശക്തമായ സ്വാധീനമുളള മേഖലകളിലടക്കം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കളളവോട്ടും ഭീഷണിയും നടത്തി അപ്രമാദിത്വം സൃഷ്ടിക്കുന്ന സിപിഎമ്മിനെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ സംഘപ്രസ്ഥാനങ്ങള്‍ക്കു മാത്രമെ സാധിക്കൂവെന്ന തിരിച്ചറിവും എന്‍ഡിഎയ്‌ക്കു ഗുണകരമാവും. രാഷ്‌ട്രീയ വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുന്ന വോട്ടു വര്‍ദ്ധന നാളെയുടെ പ്രതീക്ഷകള്‍ക്ക് കരുത്തു പകരുന്നതാണ്. ഇവിടെ സദാനന്ദന്‍മാസ്റ്ററിലൂടെ സാധിതമാക്കപ്പെട്ടത് വളര്‍ച്ചയുടെ ചരിത്രപരമായ കാല്‍വെപ്പു തന്നെയാണ്. സംഘപരിവാര്‍ നേതൃത്വം കണക്കുകൂട്ടിയത് പോലെ ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ എന്‍ഡിഎ നേടുകയും ചെയ്തു.
















