ന്യൂദൽഹി: ബിജെപി നേതാവിന്റെ കടകൾ അടിച്ച് തകർക്കുകയും പോലീസിന്റെ കൃത്യ നിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത എഎപി എംഎൽഎ അൽക്ക ലാംബയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു. ദൽഹിയിലെ തിസ് ഹസാരി കോടതിയാണ് അൽക്കയ്‌ക്ക് പതിനായിരം രൂപ കെട്ടി വെച്ച് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വർഷമാണ് അൽക്കയും മറ്റ് എഎപി പ്രവർത്തകരും ദൽഹിയിൽ മയക്കുമരുന്ന് സംഘങ്ങളെ വേട്ടയാടാൻ ഇറങ്ങിയത്. ഇതിനോട് അനുബന്ധിച്ച് ദൽഹിയിലെ കശ്മീരി ഗേറ്റിനു സമീപമുള്ള പ്രദേശിക ബിജെപി നേതാവിന്റെ കട ഇവർ പരിശോധിക്കുകയായിരുന്നു. എന്നാൽ കടയിൽ യാതൊരു തരത്തിലുള്ള മയക്കു മരുന്നോ മറ്റ് പദാർത്ഥങ്ങളോ ഇവർക്ക് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അൽക്കയും മറ്റ് പ്രവർത്തകരും കടയുടെ ബില്ലിംഗ് മിഷീൻ, മേശ ഉൾപ്പെടെ ഉള്ള സാമഗ്രികൾ അടിച്ച് തകർക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി ലഭിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് എത്തി ഇവരെ പിൻ തിരിപ്പിക്കാൻ നോക്കിയെങ്കിലും അൽക്ക അധികാരികളോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ശേഷം പോലീസ് ഇവരെ കർക്കശമായി കടയിൽ നിന്നും ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. അൽക്കയ്‌ക്കെതിരെ പോലീസ് അധിക്രമിച്ചു കടക്കൽ, പോലീസിന്റെ കൃത്യ നിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്ക്ൽ, കരുതി കൂട്ടി അക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് ഫയൽ ചെയ്തിരുന്നു. ജൂൺ മൂന്നിനാണ് അടുത്ത വിചാരണ നടക്കുന്നത്.
















