ചെന്നൈ: തമിഴ്‌നാട്ടിലെ വടക്കന്‍ പ്രദേശങ്ങളിലും ആന്ധ്രാപ്രദേശിലെ തെക്കന്‍ തീരപ്രദേശങ്ങളിലും കൊടുങ്കാറ്റു വീശുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ അടുത്ത 48 മണിക്കൂറിനുള്ളിലാണ് കൊടുങ്കാറ്റിന് സാധ്യത കല്‍പ്പിക്കുന്നത്. കനത്ത മഴയുണ്ടാകാനും ഇടയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചെന്നൈയുടെ തീരപ്രദേശങ്ങളിലേക്ക് നീങ്ങിയതാണ് കൊടുങ്കാറ്റിന് സാധ്യതയായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
തെക്കന്‍ തീരങ്ങളിലും തമിഴ്‌നാടിന്റെ ഉള്‍പ്രദേശങ്ങളിലും അടുത്ത 24 മണിക്കൂറിനുള്ളിലാണ് മഴയ്‌ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ആന്ധ്രയിലാകട്ടെ 48 മണിക്കൂറിനുള്ളിലാണ് സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ചെന്നൈയിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ ഓടകള്‍ കവിഞ്ഞ് ഒഴുകി തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
















