ന്യൂദല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനും സഹോദരന്‍ അബ്ദുള്‍ റൗഫിനും എതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിനെ സമീപിക്കുകയായിരുന്നു.
ഇതിനായി പ്രത്യേക കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ മൊഹാലിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇത് രാജ്യത്ത് ഇന്റര്‍പോളിനെ പ്രതിനിധീകരിക്കുന്ന നോഡല്‍ ഏജന്‍സിയായ സിബിഐക്ക് അയച്ച്‌കൊടുക്കുകയായിരുന്നു.
ഭീകരാക്രമണം നടത്തിയ നാലു പാക് ഭീകരരെയും തിരിച്ചറിഞ്ഞിരുന്നു. നസീര്‍ ഹുസൈന്‍ (പഞ്ചാബ് പ്രവിശ്യ), അബു ബക്കര്‍ (ഗുജ്രന്‍വാല), ഉമര്‍ ഫറൂക്ക്, അബ്ദുള്‍ ഗയും(സിന്ധ്) എന്നീ ചാവേര്‍ ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മസൂദ് അസറിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഭാരതം ഐക്യരാഷ്‌ട്രസഭയില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ പാക്കിസ്ഥാനുവേണ്ടി ചൈന പ്രമേയത്തെ വീറ്റോ ചെയ്യുകയായിരുന്നു.
















