ന്യൂദല്‍ഹി : ഗ്രാമീണജനതയുടെ അഭിപ്രായങ്ങള്‍ കൂടി സമന്വയിപ്പിച്ച് ഇതാദ്യമായി കേന്ദ്രസര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്നലക്ഷ്യത്തോടെ 1.10 ലക്ഷം ഗ്രാമങ്ങളില്‍ നിന്നും 1500 മുനിസിപ്പാലിറ്റികളില്‍ നിന്നുമുള്ള ജനങ്ങളുടെ നിര്‍ദ്ദേശങ്ങളുള്‍ക്കൊണ്ട് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തലോടെയാണ് പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്നതെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി അറിയിച്ചു. രണ്ടാഴ്ചയ്‌ക്കകം പദ്ധതി യാഥാര്‍ത്ഥ്യമാകും.
ദേശീയ വിദ്യാഭ്യാസനയത്തില്‍ ഗ്രാമീണരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നത് ആദ്യമായാണ് . വിഭ്യാഭ്യാസ അവകാശനിയമം യുപിഎ സര്‍ക്കാര്‍ പാസാക്കിയതാണെങ്കിലും ഇപ്പോഴാണത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിലവില്‍ വരുന്നത്. സ്വകാര്യ സ്‌കൂളുകളില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് 25% സംവരണം ഉറപ്പുവരുത്തിയെങ്കിലും അവരുടെ ഫീസിന്റെ കാര്യത്തില്‍ അര്‍ഹമായ തീരുമാനമെടുക്കാന്‍ യുപി എ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാലിപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് അതാതിടങ്ങളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ നിലവാരം പരിശോധിച്ച് 18 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫീസ് നല്‍കിക്കഴിഞ്ഞു. കൂടാതെ ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഈ പുസ്തകങ്ങളെല്ലാം ഇംഗഌഷ് , ഹിന്ദി, ഉര്‍ദു ഭാഷകളില്‍ മൊബൈല്‍ ആപ്പിലും ലഭ്യമാണ്.
ഭാരത്‌വാണി എന്നപേരില്‍ 22 ഇന്ത്യന്‍ ഭാഷകളിലായി വിധി വിഷയങ്ങളുടെ പാഠ്യവും ഗ്രാഹ്യവും ഉള്‍ക്കൊള്ളിച്ച വെബ് പോര്‍ട്ടലും വൈകാതെ നടപ്പാക്കും. ഐഐടികളുടെ സഹകരണത്തോടെ 16 ഗവേഷണപാര്‍ക്കുകള്‍ നടപ്പാക്കാനും പദ്ധതിയുള്ളതായി മന്ത്രി പറഞ്ഞു.
















