കണ്ണൂര്‍: വികലാംഗരെ പരിഗണിക്കാതെ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഏകദേശം പതിമൂന്നോളം സ്റ്റപ്പുകള്‍ കയറി വേണം ഇവിടെയെത്തുന്ന വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍. പൂര്‍ണ്ണ ആരോഗ്യവാന്‍മാര്‍ക്ക് പോലും കയറാന്‍ സാധിക്കാത്ത തരത്തിലുള്ള സ്റ്റപ്പാണ് ഇവിടെയുള്ളത്. ഗര്‍ഭിണികള്‍ക്കും വാര്‍ധക്യം ബാധിച്ചവര്‍ക്കും ഈ ബൂത്തില്‍ വോട്ട് ചെയ്യുക അസാധ്യമായ കാര്യമാണ്. ഇന്നലെ ഇവിടെ വോട്ട് ചെയ്യാനെത്തിയ കുഞ്ഞിമൊയ്തുവെന്ന വികലാംഗനെ അവസാനം നാട്ടുകാര്‍ ശ്രമകരമായി കസേരയിലിരുത്തിയാണ് പോളിംഗ് ബൂത്തിലെത്തിച്ചത്. സ്‌കൂളിനോട് ചേര്‍ന്ന് വികലാംഗര്‍ക്ക് വേണ്ടി റാംപ് ഉണ്ടെങ്കിലും ഇത് പലകയടിച്ച് സുരക്ഷിതമല്ലാതെ നിര്‍മിച്ചതിനാല്‍ ഉപയോഗയോഗ്യമല്ല. സ്‌കൂളിന് സൗകര്യപ്രഥമായ വേറെ കെട്ടിടങ്ങളുണ്ടായിട്ടും വികലാംഗര്‍ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കെട്ടിടം തന്നെ ഉപയോഗിക്കുന്നതിനെതിരെ നേരത്തെ ശക്തമായ പ്രതിഷധമുയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് പരിഗണിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ ഇവിടെ വോട്ട് ചെയ്യാനെത്തിയ കുഞ്ഞിമൊയ്തു മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ഇദ്ദേഹത്തിന് വീണ് പരിക്കേറ്റിരുന്നു. ആവശ്യമായ സൗകര്യമുണ്ടായിട്ടും പോളിംഗ് ബൂത്ത് മാറ്റാത്തതില്‍ വോട്ടര്‍മാര്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്.

















