പാനൂര്‍: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ഈസ്റ്റ് കതിരൂര്‍ യുപി സ്‌കൂളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ കയ്യേറ്റശ്രമം. ഓപ്പണ്‍വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിക്കാനും ശ്രമം നടന്നു. കൂടുതല്‍ തവണ ഓപ്പണ്‍വോട്ടു ചെയ്ത സിപിഎമ്മുകാരനെ പോളിംഗ് ചുമതലയുളള പോലീസ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. പോലീസുകാരനെ അസഭ്യം പറയുകയും തളളുകയും ചെയ്തതോടെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇടപ്പെടുകയായിരുന്നു. തല്‍സമയം സ്ഥലത്തെത്തിയ കെ.കെ.ശൈലജ കൂടുതല്‍ പ്രവര്‍ത്തകരോടൊത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കയര്‍ക്കുകയും കയ്യേറ്റം നടത്തുകയും ചെയ്തു. ഈ ബൂത്തില്‍ വ്യാപകമായി യാതൊരു മാനദണ്ഡവും പാലിക്കാതെ ഓപ്പണ്‍വോട്ടു ചെയ്യാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ കൂട്ടനില്‍ക്കുകയായിരുന്നു. സിപിഎം കേന്ദ്രങ്ങളിലെ ബൂത്തുകളില്‍ സമാനമായ രീതിയില്‍ ഓപ്പണ്‍വോട്ട് നടന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടന്ന അക്രമം ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെയും സിപിഎം സംഘം ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് പടമോ വാര്‍ത്തയോ വന്നാല്‍ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഎം സംഘം പിരിഞ്ഞുപോയത്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടും ബൂത്തിനകത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് സ്ഥിതി വഷളാക്കിയത്.
അതേസമയം ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് കയര്‍ത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി കെ.കെ.ശൈലജ ജന്മഭൂമിയോട് പറഞ്ഞു.
















