ധാക്കാ: ബംഗ്ലാദേശിൽ വൃദ്ധനായ ബുദ്ധ സന്യാസിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബംഗ്ലാദേശിലെ വടക്കുകിഴക്കൻ ജില്ലയായ ബൻദാർബനിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
ധാക്കയിൽ നിന്നും മുന്നൂറ്റിയമ്പത് കിലോമീറ്റർ അകലെയുള്ള ബൈശാരിയിലെ ബുദ്ധ ക്ഷേത്രത്തിൽ നിന്നുമാണ് സന്യാസി മോംഗ് ഷുവേ ചക്കിന്റെ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതശരീരം ഗ്രാമവാസികൾ കണ്ടെത്തിയത്. ഇസ്ലാമിസ്റ്റുകളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. നാലുപേർ ചേർന്നാണ് സന്യാസിയെ ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന സൂഫി, ഷിയാ, അഹമദി മുസ്ലീങ്ങളുടെയും, ഹിന്ദു, ക്രിസ്ത്യൻ, വിദേശികൾ എന്നിവരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിസ്റ്റുകൾ ഏറ്റെടുത്തിരുന്നു. രാജ്യത്തെ മതന്യൂനപക്ഷത്തിനും മതേതര പ്രവർത്തകർക്കും എതിരെയുള്ള ആക്രമണമായിട്ടാണ് കൊലപാതകത്തെ വിലയിരുത്തുന്നത്. ബംഗ്ലാദേശിലെ 160 മില്യൻ ജനങ്ങളിൽ ഒരു ശതമാനത്തിൽ താഴെയാണ് ബുദ്ധമതക്കാരുടെ ജനസംഖ്യ.
















