പാനൂര്‍: ചെറുവാഞ്ചേരിയില്‍ സിപിഎം കയ്യേറിയ കെട്ടിടം ഒഴിയണമെന്ന് കോടതി ഉത്തരവ്.തലശേരി വെക്കേഷന്‍ കോടതിയാണ് സിപിഎം നേതാക്കളായ കുറ്റിച്ചിപ്രേമന്‍, കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ കെട്ടിടത്തില്‍ പ്രവേശിക്കരുതെന്ന് വിധിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ വാടകക്കാരായ ആര്‍.വി.ശശിധരന്‍, കെ.ശശിധരന്‍, ടി.പുരുഷു എന്നിവര്‍ കൂത്തുപറമ്പ് മുന്‍സീഫ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. കെട്ടിട ഉടമ ആലമുളളതില്‍ ചമ്പാടന്‍ ഗൗരി കെട്ടിടം വാടകയ്‌ക്കു നല്‍കിയയെങ്കിലും 2014മുതല്‍ കെട്ടിടം എ.അശോകന്റെ നേതൃത്വത്തില്‍ കയ്യേറുകയായിരുന്നു.അതിനുശേഷം കൊടിയും, ബോര്‍ഡും സ്ഥാപിച്ച് പാര്‍ട്ടി ഓഫീസാക്കുകയായിരുന്നു. ഇതിനെതിരെ ഗൗരിയും, കുടുംബവും കണ്ണവം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. മേഖലയില്‍ നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കും ഈ ഓഫീസ് ഹേതുവായിരുന്നു. ഓഫീസ് അക്രമിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കളളകേസ്സുകളുമെടുത്തിരുന്നു. സിപിഎം അനുഭാവി തന്നെ ഈ ഓഫീസ് അക്രമിച്ചിരുന്നു. വാടകക്കാരോടു പണം മുന്‍കൂര്‍ വാങ്ങി കച്ചീട്ടു നല്‍കിയതാണെങ്കിലും സിപിഎം കയ്യേറുകയായിരുന്നു.
















