ന്യൂദല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ മാസങ്ങളായി നടത്തുന്ന സമരത്തിന് ഫണ്ട് ചെയ്യുന്ന ബാഹ്യശക്തി ഏതെന്ന് ഇടതുരാഷ്‌ട്രീയപാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്ന് ബിജെപി. വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്എഫ്‌ഐയില്‍ നിന്നു രാജിവെച്ചു പുറത്തുവിട്ട കത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ബിജെപി വക്താവ് മീനാക്ഷി ലേഖി എംപി പറഞ്ഞു.
ഇടതുപക്ഷവും മാവോയിസ്റ്റ് സംഘടനകളും പോലും അവരുടെ സംവിധാനങ്ങളില്‍ ദളിതരെ കുറഞ്ഞ പദവികളില്‍ മാത്രമായി ഒതുക്കുന്നു. സോഷ്യലിസം എന്ന മിഥ്യാധാരണയില്‍ വസിക്കുന്ന ഉന്നതകുലരാജതായ കേന്ദ്ര കമ്മിറ്റികളാണ് ഇടതു പാര്‍ട്ടികളെ നയിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള രാജ്യവിരുദ്ധ ശക്തികളെ പുറത്തുകൊണ്ടുവരണമെന്നും ഇതേപ്പറ്റി ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ഇത്തരം സംഘടനകളെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.
















