ന്യൂദല്‍ഹി: ബംഗാള്‍ തെരഞ്ഞെടുപ്പ് സഖ്യം സിപിഎം-കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്ന് അകറ്റുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് കൊടുമ്പിരികൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘സജീവമല്ലാത്ത’ കേന്ദ്ര നേതാക്കള്‍.
സോണിയ ഗാന്ധി ഒരു ദിവസവും യെച്ചൂരി രണ്ട് ദിവസവും മാത്രമാണ് കേരളത്തില്‍ പ്രചാരണത്തിനെത്തിയത്. രാഹുല്‍ ഗാന്ധിയാകട്ടെ ഒരുതവണ പോലും കേരളത്തിലേക്ക് തിരിഞ്ഞു നോക്കിയില്ല. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മറ്റു ദേശീയ നേതാക്കളും കേരളത്തിലെത്തുന്നതില്‍ അത്ര താല്‍പ്പര്യം കാണിക്കുന്നില്ല. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും അവര്‍ക്ക് പ്രവര്‍ത്തകരെയും ആള്‍ക്കൂട്ടത്തെയും ആകര്‍ഷിക്കാനാവുന്നില്ല. മൂന്നാറിലടക്കം പ്രകാശ് കാരാട്ടിന്റെ പരിപാടികളില്‍ നൂറില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തത്.
മലയാളിയായ പിബി അംഗങ്ങളില്‍ എസ്. രാമചന്ദ്രന്‍ പിള്ളയും പ്രചാരണരംഗത്തുനിന്നു പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നു. എം.എ ബേബിയെ സംസ്ഥാന ഘടകം ഒതുക്കിയതിനാല്‍ അധികം വേദികള്‍ നല്‍കുന്നില്ല. ഇടതുപക്ഷത്തിന്റെ സ്റ്റാര്‍ പ്രചാരണ നായകന്‍ വി.എസ്. അച്യുതാനന്ദന്‍ സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ നിന്ന് പുറത്തിറങ്ങാതായിട്ട് ഒരാഴ്ചയായി. മത്സരം കടുത്തതോടെ മണ്ഡലം വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതു തിരിച്ചടിയാകുമെന്ന് വിഎസിന്റെ അനുയായികള്‍ തിരിച്ചറിഞ്ഞതോടെ മറ്റു ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പ്രചാരണം വിഎസ് അവസാനിപ്പിച്ചു.
കോണ്‍ഗ്രസില്‍ സോണിയ ഗാന്ധിയുടെ വരവാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രവര്‍ത്തകരെയും സാധാരണ ആവേശഭരിതരാക്കുന്നത്. പതിവിനു വിപരീതമായി തൃശൂര്‍ തേക്കിന്‍കാട്ടില്‍ നടന്ന പരിപാടിയില്‍ അഞ്ഞൂറോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. തൃശൂര്‍, തിരുവനന്തപുരം പരിപാടികളില്‍ പങ്കെടുത്ത് സോണിയ ഗാന്ധി ദല്‍ഹിക്കു തിരിച്ചുപോയി.
സോണിയയെ വീണ്ടും കേരളത്തിലേക്ക് എത്തിക്കുന്നതിന് സംസ്ഥാന നേതൃത്വം താത്പര്യപ്പെട്ടെങ്കിലും അതുണ്ടായില്ല. രാഹുല്‍ ഗാന്ധിക്ക് നേരേ വധഭീഷണി വന്ന സാഹചര്യത്തില്‍ ദല്‍ഹി വിടുന്നതില്‍ സോണിയയ്‌ക്കും രാഹുലിനും താത്പര്യമില്ലെന്നാണ് അറിയുന്നത്. എ.കെ. ആന്റണി മാത്രമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വമെന്ന നിലയില്‍ മണ്ഡലങ്ങളിലെത്തുന്നത്.
ഇതേ സമയം തന്നെ പ്രധാനമന്ത്രിയും വിവിധ കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പതിനായിരക്കണക്കിന് പേരാണ് എത്തുന്നത്. ഇതിനെ മറികടക്കാന്‍ സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ രംഗത്തിറക്കുന്നതില്‍ ഇരുമുന്നണികളും പരാജയം സമ്മതിച്ചു കഴിഞ്ഞു.
















