മുംബൈ: മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാധ്വി പ്രഗ്യാ സിങ്ങിനെതിരെയുള്ള കേസ് ദേശീയ അന്വേഷണ ഏജന്‍സി ഉപേക്ഷിച്ചു. പ്രഗ്യയെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. ഇക്കാര്യം ഉള്‍പ്പെടുത്തിയുള്ള ‘രണ്ടാമത്തെ അധിക കുറ്റപത്രം എന്‍ഐഎ ഇന്നലെ സമര്‍പ്പിച്ചു. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തള്ളിയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്.
പ്രഗ്യയ്‌ക്കു പുറമേ ശിവകാല്‍സരംഗ, ശ്യാം സാഹു, പ്രവീണ്‍ തക്കാല്‍ക്കി, ലോകേഷ് ശര്‍മ്മ, ധാന്‍ ചൗധരി എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
2008ലെ കേസില്‍ സാധ്വിക്ക് എതിരെയുള്ള കുറ്റാരോപണങ്ങളാണ് ഏറ്റവും ദുര്‍ബലം- എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രഗ്യയുടെ ബൈക്കാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നു പറഞ്ഞാണ് മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് അവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഈ ബൈക്ക് അവര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് തെളിഞ്ഞു.
ഗൂഢാലോചനകളില്‍ അവര്‍ പങ്കെടുത്തുവെന്നതിനും തെളിവുകള്‍ ഒന്നുമില്ല. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇരുവര്‍ക്കുമെതിരെ മക്കോക്ക (മഹാരാഷ്‌ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ്) ചുമത്തിയതും റദ്ദാക്കപ്പെടും.
ഗൂഢാലോചനയില്‍ പ്രഗ്യയ്‌ക്ക് വലിയ പങ്കുണ്ടെന്നാണ് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് പറഞ്ഞിരുന്നത്. ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബൈക്ക് രാമചന്ദ്ര കലസംഗാരയാണ് ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായി.
രണ്ടു വര്‍ഷമായി ഇയാള്‍ ഇത് ഉപയോഗിച്ചുവരികയായിരുന്നു. കേസില്‍ പ്രതിയാക്കാന്‍ തക്ക ഒരു തെളിവും അവര്‍ക്ക് എതിരെ ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. കുറ്റപത്രം പരിഗണിച്ച് കോടതി കുറ്റവിമുക്തയാക്കിയാല്‍ എട്ടു വര്‍ഷത്തെ തടവില്‍ നിന്ന് അവര്‍ മോചിതയാകും.
എടിഎസിന്റെ അന്വേഷണത്തില്‍ വന്ന ഗുരുതരമായ പാളിച്ചകള്‍ എന്‍ഐഎ കോടതിയെ ബോധ്യപ്പെടുത്തും. എടിഎസ് തെളിവുകള്‍ കെട്ടിച്ചമച്ചതായും സാക്ഷികളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാണ് മൊഴിയെടുത്തതെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കും.
















