ന്യൂദല്‍ഹി: ഭീകര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭാരതത്തിലുള്ള ഉപ വിഭാഗത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരത്തിലധികം ആളുകളെ ചേര്‍ത്തതായി റിപ്പോര്‍ട്ട്. സ്വകാര്യ മാഗസിനാണ് ഇതേക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഭാരത വിരുദ്ധ സംഘടനകളാണ് ഇതിന് ഐഎസിനു പിന്തുണ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഞ്ച് വനിതകള്‍ ഉള്‍പ്പടെ 25ഓളം പേരാണ് വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇതിനു നേതൃത്വം നല്‍കുന്നത്. വനിതകള്‍ ഫിലിപ്പീന്‍സ്, കെനിയ, അര്‍ജന്റീന, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍. ഇങ്ങനെ ഐഎസില്‍ ചേരുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നു. ഇവരാണ് ഭാരതത്തില്‍ ഐഎസ് നെറ്റ്‌വര്‍ക്ക് വളര്‍ത്തുന്നത്.
ഭാരതത്തിലുടനീളം സഞ്ചരിച്ച് ഭൂപ്രകൃതി മനസിലാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐഎസിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഐഎസുമായി ബന്ധപ്പെട്ട വാര്‍ത്തകളും, വിവരങ്ങളും വീഡിയോകളുമാണ് ഇതില്‍. അമഖ് ന്യൂസ് എന്ന പേരില്‍ തുടങ്ങിയിട്ടുള്ള ആ ആപ്പില്‍ വാര്‍ത്തകള്‍ കാണുന്നതിനും വീഡിയോ പ്ലേ ചെയ്യുന്നതിനുമുള്ള ഓപ്ഷന്‍ നല്‍കുന്നു.
















