കീവ്: ലോകത്തിൽ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാനം ഭാരതത്തിലേക്ക് വരുന്നു. ഉക്രൈനിൽ നിർമ്മിച്ച അന്റോനോവ് എഎൻ225 മ്രിയ എന്ന പടുകൂറ്റൻ വിമാനമാണ് ഹൈദരാബാദിലെ അന്തർദേശീയ വിമാനത്താവളത്തിൽ ആദ്യമായി ഈ മാസം 13ന് ലാൻഡ് ചെയ്യാൻ പോകുന്നത്. ചെക്ക് റിപ്പബ്ലികിന്റെ തലവസ്ഥാനമായ പരേഗിൽ നിന്നും ഓസ്ട്രേലിയൻ നഗരമായ പെർത്തിലേക്കാണ് മ്രിയ യാത്ര തിരിച്ചത്.
സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. ലോകത്തിൽ ഇതേ വരെ നിർമ്മിച്ച ഏറ്റവും വലിയ വിമാനമാണ് മ്രിയ225. 640 ടൺ ഭാരം വരെ വഹിച്ച് പറന്നുയരാൻ വിമാനത്തിന് സാധിക്കും. വിമാനത്തിന്റെ ഇരു ചിറകറ്റങ്ങൾ തമ്മിലുള്ള ദൂരം ഒരു ഫുട്ബോൾ മൈതാനത്തിന്റെ നീളം വരുമെന്നതാണ് ഈ വിമാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ 32 ടയറുകളാണ് ഈ വിമാനത്തിനുള്ളത്. ഇന്ധനക്ഷമതയുടെ കാര്യത്തിലും മ്രിയ പുറകിലല്ല. 4000 കിലോമീറ്റർ നിർത്താതെ സഞ്ചരിക്കാൻ ഈ ഭീമൻ വിമാനത്തിന് സാധിക്കും.
വിമാനത്താവളത്തിന്റെ റൺവെയുടെ നീളം, സാങ്കേതിക സംവിധാനങ്ങൾ, വായു മർദ്ദം തുടങ്ങിയ സുപ്രധാനമായ ഘടകങ്ങൾ അനുകൂലമായതിനാലാണ് വിമാനം ഹൈദരാബാദിൽ ഇറക്കാൻ തീരുമാനിച്ചത്. ഹൈദരാബാദിനു ശേഷം ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് വിമാനം പരിശോധനക്കായി വീണ്ടും ലാൻഡ് ചെയ്യുന്നത്.
















