ഗയ: ബീഹാറിലെ ഭരണകക്ഷിയായ ജനതാദള്‍ യുവിന്റെ എംഎല്‍സിയായ മനോരമ ദേവിയെ പാര്‍ട്ടി താത്കാലികമായി പുറത്താക്കി. മകന്‍ റോക്കി യാദവിനെ ഒളിപ്പിക്കുന്നതിനായി ശ്രമിച്ചതും പരിശോധനയില്‍ വലിയ തോതിലുള്ള വിദേശമദ്യ ശേഖരം കണ്ടെത്തിയത് കാരണവുമാണ് പാര്‍ട്ടി എംഎല്‍സിയെ പുറത്താക്കിയത്. പോലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് എംഎല്‍സി ഒളിവിലാണുള്ളത്.
ആറ് വര്‍ഷത്തേക്കാണ് എംഎല്‍സിക്ക് സസ്‌പെന്‍ഷന്‍. വാഹനം മറികടക്കുന്നതിനിടെ 19കാരനെ വെടിവയ്ച്ചു കൊന്നതിന് കഴിഞ്ഞദിവസമാണ് മകന്‍ റോക്കി യാദവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രിയില്‍ എംഎല്‍സിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 18 ഓളം കുപ്പി വിദേശമദ്യമാണ് എംഎല്‍സിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സംസ്ഥാനം മുഴുവനും മദ്യനിരോധനം നടത്തുവാന്‍ പദ്ധതിയിടുമ്പോളാണ് ഭരണകക്ഷി എംഎല്‍സിയുടെ വീട്ടില്‍ നിന്നും മദ്യശേഖരം കണ്ടെത്തിയത്.
ആര്‍ജെഡി നേതാവും മനോരമയുടെ ഭര്‍ത്താവുമായ ബിന്ദി യാദവും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് വാഹനം മറികടക്കുവാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ആദിത്യ സച്ച്‌ദേവ് എന്ന 19കാരനെ റോക്കി വെടിവയ്ച്ചുകൊന്നത്. തുടര്‍ന്ന് റോക്കിയെ മനോരമദേവി ഒളിവില്‍ താമസിക്കുവാന്‍ അവസരം നല്‍കിയിരുന്നു.
എന്നാല്‍ ഒളിവില്‍ കഴിയുന്നതിനിടെ റോക്കി യാദവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. 48 മണിക്കൂര്‍ പോലീസ് കസ്റ്റഡിയിലാണ് റോക്കി ഇപ്പോഴുള്ളത്. സംഭവം പാര്‍ട്ടിക്ക് കനത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂണിലാണ് ജെഡിയുവിന്റെ എംഎല്‍സി ആയി തെരഞ്ഞെടുക്കപ്പെടുന്നത്.
















