ന്യൂദല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പോണ്ടിച്ചേരി, തമിഴ്‌നാട്, കേരള സന്ദര്‍ശനങ്ങള്‍ വധഭീഷണിയെ തുടര്‍ന്ന് റദ്ദാക്കി. എന്നാല്‍ പനിമൂലം സന്ദര്‍ശനം റദ്ദാക്കിയെന്നാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന വിശദീകരണം. പോണ്ടിച്ചേരിയിലെ കാരയ്‌ക്കലില്‍ രാഹുല്‍ ഗാന്ധി യോഗത്തിനെത്തുമ്പോള്‍ സ്‌ഫോടനം നടത്തുമെന്നു കാണിച്ച് കഴിഞ്ഞ ദിവസം അജ്ഞാത ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.
കടുത്ത പനിമൂലം പോണ്ടിച്ചേരി, തമിഴ്‌നാട്, കേരളാ സന്ദര്‍ശനങ്ങള്‍ റദ്ദാക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടുദിവസത്തേയ്‌ക്ക് വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും രാഹുല്‍ പറയുന്നു.അതിനിടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
















