ഇരിക്കൂര്‍: ഇരിക്കൂര്‍ സിദ്ദിഖ് നഗറില്‍ കഴിഞ്ഞ 30 ന് കുഞ്ഞാമിനയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. കൃത്യം നടത്തി ഓട്ടോറിക്ഷയില്‍ മട്ടന്നൂരിലെത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയ പ്രതികളെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്മാരുടേയും സിസിടിവി ദൃശ്യങ്ങളാണ് മട്ടന്നൂര്‍ പ്രകാശ് ജംഗ്ഷനിലെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന് സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സിഐ സജി ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി.മഹേഷ് എന്നിവരുടെ നേതൃത്വത്തിലുളള രണ്ട് പോലീസ് സംഘങ്ങളാണ് കേസന്വേഷണം നടത്തുന്നത്. അന്വേഷണ സംഘങ്ങള്‍ മൈസൂര്‍, നാഗര്‍ കോവില്‍ എന്നിവിടങ്ങളില്‍ച്ചെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികള്‍ക്കായി പരിശോധനകള്‍ നടത്തി. അക്രമിസംഘത്തിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയുടേതെന്ന് സംശയിക്കുന്ന സിംകാര്‍ഡ് ലഭിച്ചിരുന്നുവെങ്കിലും ഒരു മാസത്തോളമായി ഉപയോഗിക്കാത്ത സിമ്മില്‍ നിന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സിം ഉപയോഗിച്ച സമയത്തെ ഫോണ്‍ കോളുകള്‍ കണ്ടെത്തി പ്രതികളുടെ ബന്ധക്കാരെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്. അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരുടേയും ഫോണുകള്‍ സ്വിച്ചോഫ് ചെയ്ത നിലയിലായതിനാല്‍ ഇവരെക്കുറിച്ച് വിവരം ലഭിക്കാതെ പോലീസ് ബുദ്ധിമുട്ടുകയാണ്.
















