ലണ്ടന്‍: ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനുള്ള കുതിപ്പില്‍ ലെസ്റ്റര്‍ സിറ്റിക്ക് കാത്തിരിപ്പ്. മുപ്പത്തിയാറാം റൗണ്ടില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് എവേ മത്സരത്തില്‍ സമനില പാലിക്കേണ്ടിവന്നത് ലെസ്റ്ററിനു തിരിച്ചടിയായത്.
ഇരു ടീമുകളും ഒാരോ ഗോളടിച്ച് പിരിഞ്ഞു. എട്ടാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും, 17ാം മിനിറ്റില്‍ വെസ് മോര്‍ഗനിലൂടെ ലെസ്റ്റര്‍ സമനില പിടിച്ചു. ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് കൂടി നേടിയാല്‍ ലെസ്റ്ററിന് ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാം.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ലെസ്റ്റര്‍ താരങ്ങളേക്കാള്‍ ഏറെ മുന്നിലായിരുന്നു യുണൈറ്റഡ്. അവര്‍ ആകെ പായിച്ച 21 ഷോട്ടുകളില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങി. ഒരിക്കല്‍ മാത്രം വല കുലുങ്ങി. ലെസ്റ്റര്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനം യുണൈറ്റഡിനെ വിജയാഘോഷത്തില്‍നിന്ന് തടഞ്ഞുനിര്‍ത്തി.
അതേസമയം മൂന്ന് ഷോട്ടുകള്‍ ഉതിര്‍ക്കാനെ ലെസ്റ്ററിനായുള്ളു. 36 കളികളില്‍ 77 പോയിന്റുണ്ട് ഒന്നാം സ്ഥാനക്കാര്‍ക്ക്. ഒരു മത്സരം കുറച്ച് കളിച്ച ടോട്ടത്തിന് 69 പോയിന്റും. 35 മത്സരങ്ങളില്‍ 60 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത്.
കളിയിലുടനീളം മാഞ്ചസ്റ്റര്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞുനിര്‍ത്തി ലെസ്റ്റര്‍. എന്നാല്‍, അവസാന മിനിറ്റുകളില്‍ അവര്‍ ശരിക്കും പതറി. 86ാം മിനിറ്റില്‍ മെംഫിസ് ഡീപേയെ ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ഫൗള്‍ ചെയ്തതിന് ഡാനി ഡ്രിങ്ക്‌വാട്ടര്‍ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയത് ലെസ്റ്ററിന് തിരിച്ചടിയായി.
ഇതോടെ മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ ലെസ്റ്റര്‍ പ്രതിരോധം ആടിയുലഞ്ഞു. റൂണിയും മാര്‍ഷ്യലും റാഷ്‌ഫോര്‍ഡും പകരക്കാരനായി ഇറങ്ങിയ മെംഫിസുമെല്ലാം ലെസ്റ്റര്‍ പോസ്റ്റില്‍ പ്രകമ്പനം സൃഷ്ടിച്ചെങ്കിലും നായകനും ഗോളിയുമായ കാസ്പര്‍ഷ് മൈക്കലും പ്രതിരോധനിര താരങ്ങളും ചേര്‍ന്ന് കോട്ട കെട്ടി കാത്തതോടെ അവയെല്ലാം വിഫലമായി. അടുത്ത മത്സരത്തില്‍ എവര്‍ട്ടണിനെ നേരിടും ഒന്നാം സ്ഥാനക്കാര്‍.
മറ്റ് മത്സരങ്ങളില്‍ രണ്ട് വമ്പന്‍ അട്ടിമറികള്‍ക്കും പ്രീമിയര്‍ ലീഗ് സാക്ഷ്യം വഹിച്ചു. സ്വാന്‍സീ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തകര്‍ത്തപ്പോള്‍, സതാംപ്ടണ്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി. പരാജയത്തോടെ മൂന്നാം സ്ഥാനത്തെത്താനുള്ള അവസരവും സിറ്റിക്ക് നഷ്ടം. 36 കളികളില്‍ നിന്ന് 64 പോയിന്റുമായി സിറ്റി നാലാം സ്ഥാനത്ത്. 67 പോയിന്റുള്ള ആഴ്‌സണല്‍ മൂന്നാമത്.
















