മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രോഹിത് ശര്‍മയുടെയും (68 നോട്ടൗട്ട്), കീറോണ്‍ പൊള്ളാര്‍ഡിന്റെയും (51) മിന്നും പ്രകടനമാണ് രണ്ടോവര്‍ ശേഷിക്കെ മുംബൈയെ ജയത്തിലേക്കു നയിച്ചത്. സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് – 174/5 (20), മുംബൈ ഇന്ത്യന്‍സ് – 178/4 (18/20). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീറിന്റെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
45 പന്തില്‍ ആറു ഫോറും ഒരു സിക്‌സറും സഹിതം 59 റണ്‍സെടുത്തു ഗംഭീര്‍. റോബിന്‍ ഉത്തപ്പ (36), ആന്ദ്രെ റസല്‍ (22), സൂര്യകുമാര്‍ യാദവ് (21), യൂസഫ് പഠാന്‍ (19 നോട്ടൗട്ട്), ക്രിസ് ലിന്‍ (10 നോട്ടൗട്ട്) എന്നിവരും സംഭാവന ചെയ്തു. രണ്ടു വിക്കറ്റെടുത്ത ടിം സൗത്തിയാണ് മുംബൈ ബൗളര്‍മാരില്‍ തിളങ്ങിയത്. മിച്ചല്‍ മക്ലെന്‍ഘന്‍, ഹര്‍ഭജന്‍ സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ബൗണ്ടറിക്ക് ദൂരം കുറവായ വാംഖ്‌ഡെയിലെ മൈതാനത്ത് കൊല്‍ക്കത്തയുടെ സ്‌കോര്‍ മതിയാകുമായിരുന്നില്ല. നായകന്‍ രോഹിത് ശര്‍മ മുന്നില്‍നിന്നു നയിച്ചപ്പോള്‍ മുംബൈയുടെ ജയം അനായാസം. 49 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സറും സഹിതമാണ് രോഹിത് 68 റണ്‍സെടുത്തത്.
17 പന്തില്‍ രണ്ട് ഫോറും ആറു സിക്‌സറും സഹിതം 51 റണ്‍സെടുത്ത പൊള്ളാര്‍ഡ് ജയം വേഗത്തിലാക്കി. അമ്പാട്ടി റായുഡു (32), ജോസ് ബട്‌ലര്‍ (15) എന്നിവരും രണ്ടക്കം കണ്ടു. നാലോവറില്‍ 22 റണ്‍ വഴങ്ങി രണ്ടു വിക്കറ്റെടുത്ത സുനില്‍ നരെയ്ന്‍ കൊല്‍ക്കത്ത ബൗളര്‍മാരില്‍ കേമന്‍. ഉമേഷ് യാദവ്, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. രോഹിത് ശര്‍മ കളിയിലെ താരം.
എട്ടു കളിയിലെ നാലാം ജയത്തോടെ എട്ടു പോയിന്റുമായി മൂന്നാമതെത്തി മുംബൈ. ആറു കളികളില്‍ എട്ടു പോയിന്റുള്ള കൊല്‍ക്കത്ത രണ്ടാമത്.
















