കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ അടിയന്തിര പ്രധാന്യമുള്ള അജണ്ടകള്‍ മാത്രം പരിഗണിക്കുന്നതിന് ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ വാക്കുതര്‍ക്കം. പഞ്ഞിക്കയില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.രാഗേഷും കോര്പ്പറേഷന് സെക്രട്ടറി വി.ജെ.കുര്യനും തമ്മിലാണ് രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായത്. ചില അജണ്ടകള്‍ സെക്രട്ടറി താല്‍പ്പര്യത്തിന് അനുസരിച്ച് കോര്പ്പറേഷന് യോഗത്തില്‍ ഉള്‍പ്പെടുത്തുകയാണെന്ന് പി.കെ.രാഗേഷ് ആരോപിച്ചു. സബ് കമ്മറ്റികള്‍ തീരുമാനിച്ച കാര്യങ്ങള്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരത്തിനായി ചര്‍ച്ച ചെയ്യണ്ടതില്ലെന്ന് സെക്രട്ടറി തെറ്റായ വിവരം നല്‍കിയെന്നും പി.കെ.രാഗേഷ് പറഞ്ഞു. എന്നാല്‍ രാഗേഷ് വ്യക്തിപരമായി സെക്രട്ടറിയെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. സെക്രട്ടറിയുടെ അനുവാദത്തോടെ ആരോപണത്തിന് മറുപടി പറഞ്ഞ സെക്രട്ടറി പി.കെ. രാഗേഷ് വ്യക്തിപരമായി അപമാനിക്കുകയാണെന്നും പി.കെ.രാഗേഷിന്റെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം നിരവധി സെക്രട്ടറിമാര്‍ സ്ഥലം മാറ്റപ്പെട്ടിട്ടുണ്ടെന്നും ആരോപിച്ചു. ഇതോടെ പി.കെ.രാഗേഷ് സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചു. ഈ ആരോപണത്തില്‍ സെക്രട്ടറി മാപ്പുപറയണമെന്നും പി.കെ.രാഗേഷ് ആവശ്യപ്പെട്ടു. ഇതോടെ സെക്രട്ടറി ഉപയോഗിച്ച വാക്ക് പിന്‍വലിച്ചതിന് ശേഷമാണ് തര്‍ക്കം അവസാനിപ്പിച്ചത്.
പയ്യാമ്പലം പൊതു ശ്മശാനവുമായി ബന്ധപ്പെട്ടും തര്‍ക്കം ഉണ്ടായി. കോര്പ്പറേഷന് ഏറ്റെടുത്തതിന് ശേഷം നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. രേഖകള്‍ പൂര്‍ണ്ണമായും കോര്പ്പറേഷന് പക്കല്‍ ഇല്ലെന്നും ടി.ഒ.മോഹനന് പറഞ്ഞു. സ്ഥലം ഏറ്റെടുത്തത് മുതല്ലുള്ള എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്ന് പള്ളിക്കുന്ന ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ പി.കെ.രാഗേഷ് ചര്‍ച്ചയില്‍ പറഞ്ഞു. ഇതിനാലാണ് പയ്യാമ്പലം പൊതുശ്മശാനവുമായി ബന്ധപ്പെട്ട കേസുകളില്‍ തനിക്ക് അനുകൂലമായ വിധി ഉണ്ടാകുന്നതെന്നും പി.കെ.രാഗേഷ് കൂട്ടിചേര്‍ത്തു. ടി.ഒ.മോഹനന് ഉന്നയിച്ച ചര്‍ച്ചക്ക് പള്ളിക്കുന്ന് സോണല്‍ ഓഫീസ് സെക്രട്ടറി മറുപടി പറഞ്ഞു.
ശുചീകരണ തൊഴിലാളികളുടെ എണ്ണത്തില്‍ കോര്പ്പറേഷന് ആയി മാറിയതിന് അനുസരിച്ച് വര്‍ദ്ധിച്ചിട്ടില്ല, ഇതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്നും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. ശുചീകരണ നടപടികള്‍ കാര്യക്ഷമമാക്കാന്‍ നടപടി എടുക്കുനെന്ന് മേയര്‍ ഇ.പി. ലത പറഞ്ഞു. പൊടിക്കുണ്ട് സ്ഫോടനത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് അടിയന്തിര ധനസാഹായം നല്‍കുന്നതിന് കാലതാമസം സംഭവിച്ചെന്നും അടിയന്തിരമായി സഹായം എത്തിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള കോര്പ്പറേഷന് പ്രമേയം കൗണ്‍സില്‍ പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: