ഇടുക്കി: ചട്ടം ലംഘിച്ച് റോഡിന്റെ വശങ്ങളില്‍ കുഴികള്‍ എടുത്ത രണ്ട് ജെസിബികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ റോഡിന്റെ വശങ്ങളില്‍ കുഴികള്‍ എടുക്കുന്നത് നിരോധിച്ചുകൊണ്ട് ജില്ലാകലക്ടര്‍ ഇറക്കിയ ഉത്തരവിന് വിപരീതമായി പ്രവര്‍ത്തിച്ച രണ്ട് ജെസിബികളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉടുമ്പന്‍ചോലയ്‌ക്കും മൈലാടുംപാറയ്‌ക്കും ഇടയില്‍ ഭൂമിയ്‌ക്കടിയിലൂടെ സ്ഥാപിച്ചിരുന്ന ബിഎസ്എന്‍എല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ കുഴിയെടുത്തപ്പോള്‍ മുറിഞ്ഞുപോയി. ഒരു സ്വകാര്യ കമ്പനിയുടെ സബ് കോണ്‍ട്രാക്ടറുടെ ജെസിബികളാണ് കുഴിയെടുത്തത്. കേബിളുകള്‍ മുറിച്ചതുമൂലം 3 ലക്ഷം രൂപയും ലോക്കല്‍ കോപ്പര്‍ കേബിള്‍ മുറിഞ്ഞതുമൂലം 60,000 രൂപയും ഉള്‍പ്പെടെ 3,60,000 രൂപയുടെ നാശനഷ്ടം ബിഎസ്എന്‍എല്ലിന് ഉണ്ടായതായി കണ്ടെത്തി. റോഡിന്റെ വശങ്ങളില്‍ കുഴികള്‍ എടുക്കുന്നതുമൂലം ടെലഫോണ്‍, മൊബൈല്‍, മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയ്‌ക്ക് തടസ്സം നേരിടുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മെയ് 31 വരെ റോഡിന്റെ വശങ്ങളില്‍ കുഴികള്‍ എടുക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ ലംഘനം ബോധ്യപ്പെട്ടതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്ത് നടപടികള്‍ ആരംഭിച്ചത്.
















