വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കര്‍ പോള്‍ റിയാന് കത്ത് നല്‍കി. അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരം ജൂണില്‍ ഏഴ്, എട്ട് തീയതികളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതിരോധം, മാനുഷികം, ദുരന്ത നിവാരണം, ബഹിരാകാശം, ഗവേഷണമേഖലകളിലെല്ലാം ഭാരതവും അമേരിക്കയും തമ്മില്‍ മികച്ച സഹകരണമാണുള്ളതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. മോദിയെ നേരിട്ട് കേള്‍ക്കാനുള്ള ശരീയായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇതിലൂടെ പ്രത്യേക ആഗോള പങ്കാളിത്തവും ലഭിക്കുമെന്നും ഇവര്‍ പറഞ്ഞു.
യുഎസ് കോണ്‍ഗ്രസിന്റെ വിദേശകാര്യ സമിതി ചെയര്‍മാന്‍ ഇ.ഡി. റോയ്‌സി, കോണ്‍ഗ്രസ് അംഗങ്ങളായ ഇലിയഡ് എയ്ഞ്ചല്‍, ജോര്‍ജ്ജ് ഹോള്‍ഡിങ്‌സ്, അമി ബേറ എന്നിവരാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലാമത്തെ യുഎസ് സന്ദര്‍ശനമാണിത്.
എന്നാല്‍ ഇത്തവണത്തെത് അമേരിക്കയുടെ ക്ഷണമനുസരിച്ചുള്ള ആദ്യത്തെ ‘സ്റ്റേറ്റ്’ സന്ദര്‍ശനമാണ്. യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ രണ്ടുതവണ ഭാരതം സന്ദര്‍ശിച്ചിരുന്നു. 2015ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു ഒബാമ.
















