പാനൂര്‍: കേരളത്തില്‍ ദേശീയബോധമുളള സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടാവണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കൂത്തുപറമ്പ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. സദാനന്ദന്‍മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ എന്‍ടിയു സംഘടിപ്പിച്ച അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരുടെ തലയറുത്ത് ശത്രുപക്ഷം ക്രൂരത കാട്ടിയപ്പോള്‍, ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് മേനിപറയുന്ന സര്‍ക്കാര്‍ അതു ജനങ്ങളില്‍ നിന്നും മറച്ചു വെയ്‌ക്കുകയായിരുന്നു. 10 വര്‍ഷത്തെ ദുര്‍ഭരണത്തില്‍ പാഠം പഠിച്ച ജനത ബഹുഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ മറ്റൊരു സര്‍ക്കാറിനെ തെരഞ്ഞെടുത്തപ്പോള്‍ അസഹിഷ്ണുത പറഞ്ഞ് ഇടതുവലതു മുന്നണികള്‍ ദേശദ്രോഹികള്‍ക്ക് കുഴലൂത്തുനടത്തുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ പോലും തയ്യാറാകാത്ത ഇടതു ബുദ്ധിജീവികളെ രാജ്യം എന്തുപേരിലാണ് വിളിക്കേണ്ടതെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചോദിച്ചു. രാജ്യദ്രോഹികള്‍ക്കു വേണ്ടിയല്ല രാജ്യത്തിനു വേണ്ടിയാണ് യുവസമൂഹം ശബ്ദിക്കേണ്ടത്. രാഷ്‌ട്രീയത്തേക്കാള്‍ വലുത് രാഷ്‌ട്രമാണെന്ന ബോധം ഉയര്‍ത്തിയെടുക്കാന്‍ രാഷ്‌ട്രീയനേതൃത്വങ്ങള്‍ക്ക് സാധിക്കണം. മനുഷ്യത്വം ഇല്ലാതാവുകയും, മൃഗത്വം ജയിക്കുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷമാണ് നിലവിലുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് എ.നാരായണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍, സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി.സഞ്ജീവ്കുമാര്‍ സ്വാഗതവും, കെ.പി.ജിഗീഷ് നന്ദിയും പറഞ്ഞു.
















