കണ്ണൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയുയര്‍ത്തി കണ്ണൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ്സ് വിമത നേതാവ് പി.കെ.രാഗേഷ്. ഒരു നിയോജക മണ്ഡലത്തില്‍ പി.കെ.രാഗേഷ് തന്നെ സ്ഥാനാര്‍ത്ഥിയാകും. അടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് തീരുമാനിക്കുമെന്നും രാഗേഷ് പറഞ്ഞു. പി.കെ. രാഗേഷ് ഉള്‍പെടെ നാലുപേരെ ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. രാഗേഷ് വിളിച്ചുചേര്‍ത്ത വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്ത യൂത്ത്‌കോണ്‍ഗ്രസ് അഴീക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് കായക്കൂല്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം.വി. പ്രദീപ്കുമാര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മന്ത്രി കെ.സി.ജോസഫിനെതിരെ മത്സരിക്കുമെന്നറിയിച്ച് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം മുന്‍പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ എന്നിവരെയും രാഗേഷിനോടൊപ്പം പുറത്താക്കിയിരുന്നു. വിമതന്‍മാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയാണെങ്കില്‍ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നില പരുങ്ങലിലാകും. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിമതന്‍മാരെ പുറത്താക്കിയതില്‍ കോണ്‍ഗ്രസ്സിനകത്തും അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പി.കെ.രാഗേഷുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. മഞ്ഞുരുകുന്നുവെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നുമായിരുന്നു അന്ന് കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ കെ.സുധാകരന്റെ കടുംപിടിത്തമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. കോണ്‍ഗ്രസ്സ് നേതാവ് സുധാകരനുമായി രാഗേഷിനുണ്ടായ പടലപ്പിണക്കങ്ങളാണ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് കാരണം. കോണ്‍ഗ്രസ്സ് വിമതനായ രാഗേഷിനെ ഭയന്ന് കെ.സുധാകരന്‍ കാസര്‍കോഡ് ജില്ലയിലെ ഉദുമയിലേക്ക് ചേക്കേറുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വിമതന്‍മാരുടെ നീക്കം കോണ്‍ഗ്രസ്സിന്റെ സാധ്യതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കിയിട്ടുണ്ട്. വിജയസാധ്യതയുള്ള ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന മന്ത്രി കെ.സി.ജോസഫിന്റെ നിലപോലും വിമതശല്യം കാരണം പരുങ്ങലിലാണ്. ബിജെപിയും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട പ്രചാരണം പോലും പൂര്‍ത്തിയാക്കിയട്ടില്ല.
















