കണ്ണൂര്‍: മണ്ഡലത്തിലെ ഓരോ വോട്ടറെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കെ.ഗിരീഷ് ബാബു. അതിരാവിലെ ആരംഭിക്കുന്ന പര്യടനം വൈകുവോളം തുടരും. വെയിലും ചൂടുമൊന്നും സ്ഥാനാര്‍ത്ഥിക്കും കൂടെയുള്ളവര്‍ക്കും പ്രശ്‌നമേ അല്ല. വീടുകളും സ്ഥാപനങ്ങളും കടകളും കയറി എല്ലാവരെയും നേരിട്ട് കണ്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. വോട്ടറെ കണ്ട് ഞാന്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പറയുമ്പോഴേക്കും അറിയാമെന്ന ഉത്തരം വരും. ഒരു വോട്ടര്‍ക്കും സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മണ്ഡലത്തിന്റ മുക്കിലും മൂലയിലും സുപരിചിതനാണ് ഗിരീഷ്ബാബു. ഇന്നലെ രാവിലെ താണയില്‍ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ഇതിനിടയില്‍ മരക്കാര്‍കണ്ടിയില്‍ ഒരു മരണം നടന്നതറിഞ്ഞ് നേരെ അങ്ങോട്ട് പോയി. അന്തിമോപചാരമര്‍പ്പിച്ച് കാര്യങ്ങളന്വേഷിച്ച്, സംസ്‌കാരത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്താണ് തുടര്‍ന്നുള്ള പര്യടനം. താണയില്‍ എല്ലാവരെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. വൈകുന്നേരം ചാലയില്‍ പര്യടനം അവസാനിപ്പിച്ചു.
















