വെടിക്കെട്ടപകടങ്ങള്‍ സംസ്ഥാനത്ത് ഒരുപാടുണ്ടായിട്ടുണ്ട്. എന്നാല്‍ കൊല്ലം പരവൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ സംഭവിച്ചതുപോലുള്ള ദുരന്തം മുമ്പെങ്ങുമുണ്ടായിട്ടില്ല. ഒടുവിലത്തെ കണക്കനുസരിച്ച് 107 പേര്‍ മരിക്കുകയും അതിന്റെ ഇരട്ടിയിലധികം പേര്‍ സാരമായ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുമാണ്. അറിഞ്ഞിടുത്തോളം വിവരം വച്ച് ഇത് വരുത്തിവച്ച ദുരന്തമാണെന്ന് പറയേണ്ടിയിരിക്കുന്നു. ജില്ലാ ഭരണകൂടം പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ട് വിലക്കിയതായിരുന്നു. എന്നിട്ടും ആരുടെയോക്കെയോ സ്വാധീനവും നിര്‍ബന്ധവുംമൂലം അധികാരികളുടെ മൗനാനുവാദത്തോടെ വളരെ ശക്തമായ വെട്ടിക്കെട്ട് നടത്തുകയാണെന്നാണ് വ്യക്തമായിരിക്കുന്നത്.
വെടിക്കെട്ട് നടത്തുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളോ നിബന്ധനകളോ പാലിക്കപ്പെട്ടില്ല എന്നത് ഏറെ ഗൗരവമുള്ളതുതന്നെയാണ്. വെടിക്കെട്ടിന്റെ ഉയര്‍ന്നരൂപമായ മത്സരക്കമ്പമാണ് ഇവിടെ നടത്തിയിട്ടുള്ളത്. മത്സരക്കമ്പം നിയമവരുദ്ധമാണെന്നാണ് മുഖ്യമന്ത്രിയും മറ്റധികാരികളുമൊക്കെ ഇപ്പോള്‍ പറയുന്നത്. നിയമവിരുദ്ധമായ ഒരു കൃത്യം പരസ്യപ്പെടുത്തി നടത്തുന്നത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പറഞ്ഞാല്‍ അത് നിസാരമായ കാര്യമല്ല. ഇത്രയും ദുരന്തം വരുത്തിവച്ചത് ബന്ധപ്പെട്ട അധികാരികളുടെ കുറ്റകരമായ അനാസ്ഥയോ അലംഭാവംകൊണ്ടോ ആണെന്ന് കുറ്റപ്പെടുത്താതെ വയ്യ.
ഉത്സവങ്ങളോടനുബന്ധിച്ച് വെടിക്കെട്ടുകളും മത്സരക്കമ്പക്കെട്ടുകളും ആചാരത്തിന്റെ ഭാഗമായി കാണേണ്ടതില്ല. ഭക്തജനങ്ങളെ കൂട്ടക്കശാപ്പുചെയ്യുന്ന ഒരാചരവും ദൈവം പൊറുക്കില്ല. ആഘോഷവേളകളില്‍ കരിമരുന്നുപ്രയോഗം ലോകമെമ്പാടും നടക്കുന്നുണ്ട്. ലോകത്തുതന്നെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗത്തിന്റെ വര്‍ണക്കാഴ്ച 2012 ല്‍ ജപ്പാനില്‍ നടന്നിട്ടുണ്ട്. രാത്രി മുഴുവന്‍ നീണ്ട ആ കാഴ്ചക്കിടയില്‍ ആര്‍ക്കും ഒരു പൊള്ളല്‍ ഏറ്റതായിപോലും അറിയില്ല. ലോക കായിക മത്സരവേദികളില്‍ മാത്രമല്ല, പുതുവത്സരാഘോഷങ്ങളിലും കരിമരുന്നിന്റെ മായിക പ്രപഞ്ചം തീര്‍ക്കുന്നത് കാണാന്‍ കഴിയും.
അവിടെയൊന്നും അപകടം നടക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ വെടിക്കട്ടപകടമില്ലാത്ത വര്‍ഷമില്ല. വെടിക്കെട്ടായി നടത്തുന്നത് ഒരുതരം ബോംബുസ്‌ഫോടനങ്ങളാണ്. വര്‍ണം മാത്രമല്ല, കാതടപ്പിക്കുന്ന ശബ്ദവും മലയാളിക്ക് നിര്‍ബന്ധമായോ? വെടിക്കെട്ട് അനാവശ്യമല്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ അതിനെ വികാരപരമായി കാണേണ്ടതില്ല. ആരാധനാലയങ്ങളുടെ ആചാരങ്ങളുടെ ഭാഗമായും ചിത്രീകരിക്കേണ്ടതില്ല. ആചാരങ്ങളുടെ ഭാഗം വെടിവഴിപാടുകള്‍ മാത്രമാണ്. അത് ഇതുപോലുള്ള വന്‍ദുരന്തങ്ങള്‍ ഉണ്ടാക്കുന്നില്ല. ഒരുകാലത്ത് ആചാരമായി കണ്ടിരുന്ന പലതും ഇന്ന് അനാചാരമായി മാറ്റിനിര്‍ത്തിയിട്ടുണ്ട്. കാവുകളിലും ചില ക്ഷേത്രങ്ങളിലും കോഴിയെ അറുക്കലും മൃഗബലികളുമൊക്കെ നടന്നിരുന്നു. യാഗങ്ങളില്‍ ബലി നല്‍കുന്ന രീതിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രതീകാത്മകമായ ചടങ്ങുകള്‍ കൊണ്ട് തൃപ്തിപ്പെടുന്ന രീതിയാണുള്ളത്. ക്ഷേത്രത്തിന് പുറത്ത് ആഘോഷം പൊലിപ്പിക്കാന്‍ അപകടകരമായ സംഗതികള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ഭക്തജനങ്ങളും സംഘടനകളുമെല്ലാം ഉറക്കെ ചിന്തിക്കേണ്ടകാലമായി.
കേരളത്തില്‍ ചെറുതും വലുതുമായ 36800 ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. ഇവിടങ്ങളില്‍ ആഘോഷങ്ങള്‍ക്ക് 28000 കോടി രൂപ ചെലാവുക്കുകയാണ്. ആനയെ എഴുന്നള്ളിക്കാന്‍മാത്രം 1000 കോടിയാണ് ചെലവാക്കുന്നത്. മിമിക്രി, കഥാപ്രസംഗം, ഗാനമേള തുടങ്ങിയവയ്‌ക്ക് 100 കോടി ചെലവാക്കുമ്പോള്‍ വെടിക്കെട്ടിന് മാത്രം 2000 കോടിയാണ് ചെലവാക്കുന്നത്. കേരളം പോലെ സാമ്പത്തികമായി ദുര്‍ബലമായ സംസ്ഥാനത്തിന് താങ്ങാന്‍ കഴിയുന്നതാണോ ഈ തുക എന്ന് ചിന്തിക്കണം. ഭക്തന്മാരില്‍ നിന്നും ഊറ്റിയെടുക്കുന്ന ഇത്രയും പണത്തില്‍ നിന്ന് യഥാര്‍ത്ഥ ക്ഷേത്രാചാരങ്ങള്‍ക്ക് ചെലവാക്കുന്നത് തുച്ഛമായ തുകമാത്രമാണ്. ക്ഷേത്ര ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനവും ഭക്തര്‍ക്ക് സൗകര്യം നല്‍കുന്നകാര്യത്തിലും പിശുക്ക് കാണിക്കുന്ന കാഴ്ചയുമുണ്ട്.
രാജ്യത്തെ നടുക്കിയ ദുരന്തങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്നൊന്നും കാണാത്ത ദേശീയ ശ്രദ്ധയും സര്‍ക്കാരുകളുടെ ജാഗ്രതയും ഈ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് കാണാനായി. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പരിപാടികളും മാറ്റിവച്ച് കൊല്ലത്തേക്ക് വന്നു. പ്രോട്ടോകോള്‍ ചട്ടങ്ങളെല്ലാം മാറ്റി പ്രധാനമന്ത്രിയുടെ വിമാനത്തില്‍ വിദഗ്ധ ഡോക്ടര്‍മാരെയും കൊണ്ടുവന്നു. സംഭവസ്ഥലവും മരണപ്പെട്ടവരേയും പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. എല്ലാവിധ സഹായവും ഉറപ്പുനല്‍കി.
കേന്ദ്ര ആരഗ്യമന്ത്രി ജെ.പി.നദ്ദയെ കൊല്ലത്ത് ക്യാമ്പുചെയ്ത് ദുരന്തനിവാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു ദുരന്തകാലത്തും ഇങ്ങനെ ഒരിടപെടല്‍ ഉണ്ടായിട്ടില്ല. ഉത്തരകാശിയിലും ജമ്മുകശ്മീരിലും പ്രളയമുണ്ടായപ്പോഴും ഇതേ ജാഗ്രത കാണിച്ച നരേന്ദ്രമോദി ജനങ്ങളോടുള്ള പ്രതിബദ്ധത ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ രാജ്യം അതീവ ദുഃഖത്തിലാണെന്നും ജനങ്ങളാകമാനം പ്രാര്‍ത്ഥനയിലാണെന്നുമാണ് കാണിക്കുന്നത്.
















