തിരുവനന്തപുരം: മഹാത്മ അയ്യന്‍കാളിയോട് ഇടതു വലതു മുന്നണികള്‍ നീതി കാട്ടിയില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. കെപിഎംഎസ് തിരുവനന്തപുരം യൂണിയന്‍ പ്രവര്‍ത്തകസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്യം കിട്ടി എഴുപത് വര്‍ഷം പിന്നട്ടിട്ടും അയ്യന്‍കാളിക്കു വേണ്ടത്ര പരിഗണന നല്‍കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറായിരുന്നില്ല. ഒരു പിന്നാക്കക്കാരന്‍ പ്രധാനമന്ത്രിയാകേണ്ടി വന്നു അയ്യന്‍കാളിയുടെ സ്മൃതി മണ്ഡപവും സ്‌കൂളുമൊക്കെ സംരക്ഷിക്കാന്‍. പട്ടികജാതി ക്ഷേമത്തിനുവേണ്ടി കോടിക്കണക്കിനുരൂപ കേന്ദ്രം അനുവദിക്കുന്നുണ്ട്. എന്നാല്‍ അമ്പതു ശതമാനം തുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ബാക്കിതുക യഥാസമയം വിനിയോഗിക്കാതെ ഫണ്ട് ലാപ്‌സാക്കുകയാണ് ചെയ്യുന്നത്. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമത്തിനുവേണ്ടിയുള്ള തുക സര്‍ക്കാര്‍ ജീവനക്കാര്‍ ധൂര്‍ത്തടിച്ച് തീര്‍ക്കുകയാണ്. സമുദായത്തിന്റെ വിദ്യാഭ്യാസപുരോഗതിക്കു വേണ്ടിയും അയ്യന്‍കാളി പ്രവര്‍ത്തിച്ചിരുന്നു. തന്റെ സമുദായത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസമുള്ളവരുണ്ടാകണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഗാന്ധിജി പോലും അദ്ദേഹത്തെ കാണാന്‍ വന്നത് അതിനാലാണെന്നും രാജഗോപാല്‍ പറഞ്ഞു.
















