മലപ്പുറം: അന്യസംസ്ഥാന തൊഴിലാളികളുടെ ഐഡിന്റിറ്റിയും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ബിഎംഎസ് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ ലേബേഴ്‌സ് യൂണിയന്‍ പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ 30 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. പക്ഷേ ഇവരുമായി ബന്ധപ്പെട്ട ഒരു രേഖയും സര്‍ക്കാരിന്റെ പക്കലില്ല. ഇത് ദൂരവ്യാപകമായ ഭവിഷത്ത് ക്ഷണിച്ചുവരുത്തുമെന്നും യോഗം കുറ്റപ്പെടുത്തി. ഭീകരവാദം തീവ്രവാദം എന്നിവയെല്ലാം ഇല്ലാതാകണമെങ്കില്‍ കാര്യങ്ങള്‍ ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ബിഎംഎസ് അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നെങ്കിലും സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
അന്യസംസ്ഥാന തൊഴിലാളികള്‍ മിക്കവരും വൃത്തിഹീനമായ സ്ഥലത്താണ് താമസിക്കുന്നത്. ഇത് പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ കാരണമാകുന്നു. ഒരുകൂട്ടം തൊഴിലാളികളെ അടിമകളാക്കി വെച്ചുകൊണ്ട് സാമ്പത്തികലാഭം ഉണ്ടാക്കുന്നവരും സമൂഹത്തിലുണ്ട്. ഇതിനെല്ലാം അറുതിവരുത്തി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
മലപ്പുറം കെമിസ്റ്റ് ഭവനില്‍ നടന്ന പൊതുയോഗം നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.ദിവാകാരന്‍
അദ്ധ്യക്ഷന്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ.ഗോപലന്‍ അദ്ധ്യക്ഷത വഹിച്ചു. നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തെന്നിലാപുരം മുഖ്യപ്രഭാഷണം നടത്തി. സി.മോഹനന്‍, എന്‍.അച്യുതന്‍കുട്ടി, എല്‍.സതീഷ്, കണക്കറായ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എന്‍.രവീന്ദ്രന്‍(പ്രസിഡന്റ്), സി.അമ്മിണി, കെ.ചന്ദ്രന്‍, കെ.വിജയന്‍, എം.സി.സേതുമാധവന്‍, എം.ഉണ്ണികൃഷ്ണന്‍(വൈസ് പ്രസിഡന്റ്), ഒ.ഗോപാലന്‍(ജനറല്‍ സെക്രട്ടറി), എം.കൃഷ്ണദാസ്, പി.ബാബു, പി.കണക്കറായ്, പി.മഞ്ജുള, എന്‍.വി.രാജേഷ്(സെക്രട്ടറി), എന്‍.അച്യുതന്‍കുട്ടി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















