കണ്ണൂര്‍: ജില്ലയിലെ ഇതുവരെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കുടിവെള്ള പദ്ധതികളില്‍ പലതും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതായും പണി പൂര്‍ത്തിയായവ വെള്ളം ലഭിക്കാതെ ഉപയോഗശൂന്യമാകുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന പ്രസിഡണ്ട് കെ വി സുമേഷാണ് ഈ നിര്‍ദേശം അറിയിച്ചത്.
ജില്ലയിലെ 95 ശതമാനം കുടിവെള്ള പദ്ധതികളും ഫല്രപദമല്ലെന്നാണ് അനുഭവമെന്ന് പ്രസിഡണ്ട് പറഞ്ഞു. പലപ്പോഴും ശരിയായ പഠനം നടത്താതെയാണ് പദ്ധതികള്‍ ആരംഭിക്കുന്നത്. ഭാവിയില്‍ കൃത്യമായ സാധ്യതാപഠനം നടത്തി മാത്രമേ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ഫണ്ട് വിനിയോഗം ഇതുവരെ 64.18 ശതമാനം ആയതായി സെക്രട്ടറി എം കെ ശ്രീജിത് യോഗത്തെ അറിയിച്ചു. ജനറല്‍ 67.92, എസ്‌സിപി 36.94, ടിഎസ്പി 84.72 എന്നിങ്ങനെയാണ് പ്ലാന്‍ ഫണ്ട് വിനിയോഗത്തിലെ പുരോഗതി. മെയിന്റനന്‍സ് റോഡ് 36.21 ശതമാനം, നോണ്‍ റോഡ് 54.24 ശതമാനം എന്നിങ്ങനെയും തുക വിനിയോഗിച്ചു. മാര്‍ച്ച് 31നകം ഫണ്ട് വിനിയോഗത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെക്രട്ടറി അറിയിച്ചു.
പൊതുമരാമത്ത് പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ ഏപ്രില്‍ ആദ്യവാരം ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കാമെന്ന് എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. അകാരണമായി പ്രവൃത്തികള്‍ നീട്ടിക്കൊണ്ടുപോകുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി ആലോചിക്കേണ്ടതുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു.
ചെയര്‍പേഴ്‌സണ്‍മാരായ കെ.ശോഭ, ടി.ടി.റംല, കെ.പി.ജയപാലന്‍ എന്നിവര്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോട്ടുകള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു, അംഗങ്ങളായ സണ്ണി മേച്ചേരി, ജോയ് കൊന്നക്കല്‍, സുമിത്ര ഭാസ്‌കരന്‍, പി.പി. ഷാജിര്‍, അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, കെ.കെ.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അധിക പദ്ധതി വിഹിതത്തിനായുള്ള പദ്ധതി നിര്‍ദേശങ്ങളെക്കുറിച്ച് പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
















