മട്ടന്നൂര്‍: പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള മലയാള വിഭാഗത്തിലെ ദേശീയ പുരസ്‌ക്കാരം പത്തേമാരിക്കു ലഭിച്ചതോടെ ഒരിക്കല്‍ കൂടി ചലച്ചിത്ര രംഗത്ത് മട്ടന്നൂരുകാര്‍ക്കും കണ്ണൂരിനുമുളള അംഗീകാരമായി. ചിത്രത്തിന്റെ സംവിധായകനായ മട്ടന്നൂര്‍ സ്വദേശി സലീം അഹമ്മദിന്റെ ആദ്യ ചിത്രമായ ആദാമിന്റെ മകന്‍ അബുവിന് 2010ല്‍ ദേശീയ അവാര്‍ഡു ലഭിച്ചിരുന്നു. അതിനു ശേഷം അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കട സംവിധാനം ചെയ്തു. പിന്നീട് സംവിധാനം ചെയ്തതാണ് ഇപ്പോള്‍ ദേശീയ പുരസ്‌ക്കാരം ലഭിച്ച പത്തേമാരി. സംവിധാനത്തിനു പുറമേ പത്തേമാരിയുടെ രചനയും സലീം അഹമ്മദ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രഥമ സിനിമയായ ആദാമിന്റെ മകന്‍ അബുവിന് മികച്ച സിനിമ, മികച്ച നടന്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിരുന്നു. സലീം കുമാറിന് ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിനായിരുന്നു മികച്ച നടനുളള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്.സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ സലീമിന്റെ വീട്ടിലെത്തി ആശംസ നേര്‍ന്നു.
പത്തേമാരിയുടെ നിര്‍മ്മാണം സലീം അഹമ്മദിനോടൊപ്പം കണ്ണൂര്‍ സ്വദേശികളായ അഡ്വ.പി.കെ.—ആഷിക്, ടി.പി.സുധീഷ് എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതും ദേശീയ ചലചിത്ര പുരസ്‌കാരവിതരണത്തില്‍ കണ്ണൂരിനുള്ള അംഗീകാരമായി.
















