കണ്ണൂര്‍: എല്‍ഡിഎഫ് ഘടകകക്ഷികളുടെ സീറ്റുകള്‍ സംബന്ധിച്ച് ഇന്നലെ തീരുമാനമായതോടെ കണ്ണൂരില്‍ ഘടക കക്ഷികളെ മുഴുവന്‍ ഒതുക്കി. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ 9 സിപിഎം പിടിച്ചെടുത്തു. ഘടക കക്ഷികളെ മുഴുവന്‍ അടിച്ചൊതുക്കി 9 സീറ്റുകളും സിപിഎം പിടിച്ചെടുക്കുകയായിരുന്നു.സിപിഐ, ഐഎന്‍എല്‍,സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം തുടങ്ങി എല്‍ഡിഎഫിനകത്തുളള കക്ഷികളുടേയും പുറത്തു നിന്ന് പിന്തുണക്കുന്നതുമായ 9 കക്ഷികളേയും കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടാണ് സീറ്റ് നിര്‍ണ്ണയം നടത്തിയിരിക്കുന്നത്. ഘടക കക്ഷി നേതാക്കള്‍ക്കും പിന്തുണയ്‌ക്കുന്ന മറ്റ് കക്ഷികളുടെ നേതാക്കള്‍ക്കും അണികള്‍ക്കും സിപിഎമ്മിന്റെ ഏകാധിപത്യത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് എസിന് കണ്ണൂര്‍ സീറ്റ് നല്‍കിയെങ്കിലും ഒരിക്കലും എല്‍ഡിഎഫിന് കരകയറാന്‍ കഴിയാത്ത കണ്ണൂര്‍ മണ്ഡലം തങ്ങള്‍ക്ക് വേണ്ടെന്ന് ആദ്യ ഘട്ടത്തില്‍ത്തന്നെ കോണ്‍ഗ്രസ് എസ് നേതൃത്വം എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ വേണമെങ്കില്‍ കണ്ണൂരില്‍ മത്സരിച്ചോയെന്ന് സിപിഎം നേതൃത്വം എസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അരവിന്ദാക്ഷന്‍വിഭാഗം സിഎംപിയാവട്ടെ ജില്ലാ കമ്മിറ്റി ഓഫീസുള്‍പ്പെടെ സിപിഎമ്മിന് അടിയറവുവെച്ചിട്ടും കണ്ണൂരില്‍ ഒരു സീറ്റു പോലും ലഭിക്കാതെ നാണക്കെട്ടു. സംസ്ഥാനത്ത് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന് ആകെ ലഭിച്ചത് ചവറ സീറ്റ് മാത്രമാണ്.
















