വെള്ളനാട്: പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ഐ ഗ്രൂപ്പുകാര്‍ ഇന്നലെ പ്രധിഷേധവുമായി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു. കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരനായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഐ ഗ്രൂപ്പുകാര്‍ സമരവുമായി രംഗത്തെത്തിയത് നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി.കെ. കരുണാകരന്റെ പേരില്‍ തുടങ്ങിയ ഭവനപദ്ധതി അട്ടിമറിച്ചു, വെള്ളനാട് ഭഗവതീ ക്ഷേത്ര ഉത്സവം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്ഷേത്രപരിസരവും പട്ടണവും ശുചീകരിച്ചില്ല, തെരുവ് വിളക്കുകള്‍ കത്തുന്നില്ല തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചായിരുന്നു ഐ ഗ്രൂപ്പിന്റെ സമരം. വെള്ളനാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പട്ടണവും ക്ഷേത്ര പരിസരവും ശുചീകരിക്കുന്നത് പതിറ്റാണ്ടുകളായി വെള്ളനാട് പഞ്ചായത്താണ്. ഏതു പാര്‍ട്ടി ഭരിച്ചാലും ചരിത്രപ്രസിദ്ധമായ വെള്ളനാട് തൂക്കമഹോത്സവം ഭംഗിയായി നടത്തുവാന്‍ പഞ്ചായത്ത് ഭരണസമിതി എല്ലാ ഒരുക്കങ്ങളും നടത്തുക പതിവാണ്. ഇത്തവണ ക്ഷേത്രം സ്ഥിതിചെയ്യുന്ന ടൗണ്‍ വാര്‍ഡില്‍ ബിജെപി പ്രതിനിധിയായ ഗിരിജകുമാരിയായിരുന്നു വിജയിച്ചത്. ബിജെപി വിജയിച്ചതുകൊണ്ട് ഇത്തവണ ക്ഷേത്രോത്സവത്തിന് പഞ്ചായത്ത് സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രസിഡന്റ്. രാഷ്‌ട്രീയ തിമിരം ബാധിച്ച പ്രസിഡന്റിന്റെ ധാര്‍ഷ്ട്യമാണ് ഐ ഗ്രൂപ്പുകാരെ ചൊടിപ്പിച്ചത്.
വെള്ളനാട് ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല. പരാതിപ്പെടുന്ന നാട്ടുകാരോട് ഇവിടുത്തെ മെമ്പര്‍ ബിജെപിക്കാരി ആയതു കൊണ്ട് ലൈറ്റ് നന്നാക്കില്ലെന്ന മറുപടിയാണ് പ്രസിഡന്റ് നല്‍കുന്നതത്രെ. വെള്ളനാട് ശശി സ്വന്തം ഭരണകേന്ദ്രമായി പഞ്ചായത്തിനെ മാറ്റുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ഡിസിസി സെക്രട്ടറി ജ്യോതിഷ്‌കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കമല്‍രാജിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ധര്‍ണയില്‍ പങ്കെടുത്തു.
















