ന്യൂദല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാക്കിസ്ഥാന്റെ സംയുക്ത അന്വേഷണ സംഘം (ജെഐടി) ന്യൂദല്‍ഹിയിലെത്തി. പത്താന്‍കോട് അന്വേഷണം പാക്കിസ്ഥാന്‍ പൂര്‍ത്തീകരിക്കാന്‍ ഭാരതം എല്ലാ വാതിലുകളും തുറന്നിട്ടിരുന്നു.
പാക് രഹസ്യാന്വേഷണവിഭാഗമായ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. ഇവര്‍ ചൊവ്വാഴ്ച ഭീകരാക്രമണം നടന്ന പത്താന്‍കോട് സന്ദര്‍ശിക്കുകയും ദൃക്‌സാക്ഷികളുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബ് ഭീകരവരുദ്ധ വിഭാഗം തലവന്‍ എഡിജിപി മുഹമ്മദ് താഹിറാണ് അഞ്ചംഗ സംഘത്തെ നയിക്കുന്നത്.
ലാഹോര്‍ ഇന്റലിജന്‍സ് ബ്യൂറോ എഡിജിപി മുഹമ്മദ് അസിം അര്‍ഷാദ്, ഐഎസ്‌ഐ ലെഫ്.കേണല്‍ തന്‍വീര്‍ അഹമ്മദ്, മിലിട്ടറി ഇന്റലിജന്‍സ് ലെഫ,കേണല്‍ ഇര്‍ഫാന്‍ മിര്‍സ, അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാഹിദ് തന്‍വീര്‍ എന്നിവരാണ് എത്തിയിട്ടുള്ളത്.
പത്താന്‍കോട് വ്യോമസേനാ താവളത്തിന്റെ തന്ത്രപ്രധാനമേഖലകള്‍ ബാരികേടുകൊണ്ട് എന്‍ഐഎ മറച്ചിട്ടുണ്ട്. എന്‍ഐഎ ആസ്ഥാനത്ത് വച്ച് ഇന്ന് സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കും. തുടര്‍ന്ന് പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കും.
എന്‍ഐഎ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും സംഘത്തെ ധരിപ്പിക്കും. ഭീകരാക്രണ കേസിലെ സാക്ഷികളെയും പാക് സംഘത്തിന് മുമ്പില്‍ ഹാജരാക്കും. എന്‍എസ്ജി, ബിഎസ്എഫ്, ഗരുഡ് കമാന്‍ഡോസ് എന്നിവരൊഴികെയുള്ള സാക്ഷികളെയായിരിക്കും ഹാജരാക്കുക. പഞ്ചാബ് പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്, അദ്ദേഹത്തിന്റെ സുഹൃത്ത് രാജേഷ് വര്‍മ്മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍, ഭീകരാക്രമണത്തിനിടെ പരിക്കേറ്റ 17 പേര്‍ തുടങ്ങിയവരെയാണ് സാക്ഷികളായി ഹാജരാക്കുക.
ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് മൂന്ന് പേരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നു.
ഭീകരാക്രമണത്തിന് എത്തിയ നാല് ഭീകരരെക്കുറിച്ചുള്ള വിവരങ്ങളും ഇവരുടെ സ്വദേശം സംബന്ധിച്ച വിശദാംശങ്ങളും പാക് സംഘത്തിന് എന്‍ഐഎ നല്‍കും. അതിര്‍ത്തിവഴി ഭീകരരെ ഭാരതത്തിലേയ്‌ക്ക് കടത്തിവിടാന്‍ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും എന്‍ഐഎ കൈമാറും.
ഇവര്‍ ഉപയോഗിച്ച ഉത്തേജക ഡ്രിങ്ക്‌സുകളുടെ ഡിഎന്‍എ സാമ്പിളുകളും കാണിക്കും. ജെയ്‌ഷേ മുഹമ്മദ് ഭീകരരുടെ വിവരങ്ങളും ഭീകര തലവന്‍ മസൂര്‍ അസറിനെതിരായുള്ള തെളിവുകള്‍, ഫോണ്‍ നമ്പരുകള്‍ എന്നിവ കൈമാറും. പാക്കിസ്ഥാനില്‍ ഭീരര്‍ക്കെതിരെയുള്ള തെളിവെടുപ്പിനായി ഭാരത അന്വേഷണ സംഘത്തെ അനുവദിക്കണമെന്ന നിര്‍ദ്ദേശവും സംഘത്തിന് മുമ്പില്‍ വെക്കും.
ഇതാദ്യമായിട്ടാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു പാക് സംഘം ഭാരതത്തിലെത്തുന്നത്.
















