മുംബൈ: തനിക്ക് ലഷ്‌ക്കര്‍ ഇ തൊയ്ബയെന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ഭാര്യ ഷാസിയ്‌ക്ക് അറിയാമായിരുന്നുവെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. എന്നാല്‍ ഭാര്യയെപ്പറ്റിയുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഹെഡ്‌ലി വിസമ്മതിച്ചു.
ഷാസിയ ഗിലാനി ഇപ്പോഴും നിയമാനുസൃതമുള്ള എന്റെ ഭാര്യയാണ്. അതിനാല്‍ അവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും അവര്‍ എവിടെയാണെന്നും വെളിപ്പെടുത്താന്‍ ആവില്ല. ഹെഡ്‌ലി പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയില്‍ 35 വര്‍ഷം തടവ് അനുഭവിക്കുകയാണ്. കേസിലെ മറ്റൊരു പ്രതിയായ അബു ജുന്‍ഡാല്‍ എന്ന ഭീകരനുമായി ബന്ധപ്പെട്ട കേസില്‍ ഹെഡ്‌ലി അമേരിക്കന്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മുംബയ് ടാഡ കോടതിയില്‍ മൊഴി നല്‍കിവരികയാണ്.
കേസില്‍ ഇയാള്‍ മാപ്പുസാക്ഷിയാണ്.
ഡാനിഷ് പത്രമോഫീസ് ആക്രമിച്ച കേസില്‍ അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഡോ. തഹാവൂര്‍ റാണയ്‌ക്കും താന്‍ ലഷ്‌ക്കര്‍ ഭീകരനാണെന്ന് അറിയാമായിരുന്നു. ഹെഡ്ലിയെ രക്ഷപ്പെടാന്‍ സഹായിച്ചത് റാണയായിരുന്നു. ഭാരതം തേടുന്ന കൊടും ഭീകരനാണ് റാണയും.
എന്നാല്‍ തഹാവൂര്‍ റാണയ്‌ക്ക് ലഷ്‌ക്കറുമായി നേരിട്ട് ബന്ധമില്ലെന്നും ഹെഡ്‌ലി പറയുന്നു. എനിക്ക് ലഷ്‌ക്കറുമായി ബന്ധമുണ്ടെന്ന് റാണയ്‌ക്ക് അറിയാമായിരുന്നു. മുംബയ് ആകമണം നടന്ന് അഞ്ചു മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അതിന്റെ വിശദ വിവരം റാണയോട് പറഞ്ഞത്. പാക്കിസ്ഥാനില്‍ ലഭിച്ച പരിശീലനം, താന്‍ ലഷ്‌ക്കറിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കാര്യം എന്നിവയെല്ലാം പറഞ്ഞു. തന്റെ ലഷ്‌ക്കര്‍ ബന്ധത്തെ റാണ എതിര്‍ത്തു.
റാണയുടെ മുംബയിലെ ഓഫീസ് താന്‍ ലഷ്‌ക്കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെയും എതിര്‍ത്തു. ഹെഡ്‌ലി അവകാശപ്പെട്ടു.
ഹെഡ്‌ലിയെ നാലു ദിവസം കൂടി തുടര്‍ച്ചയായി ചോദ്യം ചെയ്യും. മുംബയ് സ്‌ഫോടനപരമ്പരയ്‌ക്കു പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയാണെന്ന് ഹെഡ്‌ലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ലഷ്‌ക്കര്‍ ചാവേറാണെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.
















