ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റൻ വിജയകാന്ത് നേതൃത്വം നൽകുന്ന ദേശീയ മൂർപോക് ദ്രാവിഡ കഴകം (ഡിഎംഡികെ) ജനക്ഷേമ മുന്നണിയിൽ. വിജയകാന്ത് തന്നെ ആണ് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും.
ജനക്ഷേമ മുന്നണിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിജയകാന്ത് പ്രഖ്യാപിച്ചു. സിപിഎം, സിപിഐ, എംഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികളാണ് പീപ്പിള്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന മൂന്നാം മുന്നണിയിലുള്ളത്.
ആകെയുള്ള 234 നിയമസഭ സീറ്റുകളില്‍ 124 സീറ്റിൽ ഡിഎംഡികെ സ്ഥാനാർഥികളും മറ്റുള്ളവർ 110 സീറ്റുകളിലും ജനവിധി തേടും. നേരത്തെ, തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് വിജയകാന്ത് പ്രതികരിച്ചിരുന്നത്. എന്നാല്‍ സീറ്റുകള്‍ പങ്കുവച്ച് കൊണ്ട് വിജയകാന്ത്, വൈകോ, ജി.രാമകൃഷ്ണന്‍, ആര്‍.മുത്തരസന്‍, തോല്‍ തിരുമുലവലന്‍ എന്നിവര്‍ ധാരണയിലെത്തിയ കരാര്‍ മുന്നണി പുറത്തിറക്കി.
2011ലെ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ ഭാഗമായി 41 സീറ്റിൽ മത്സരിച്ച ഡി.എം.ഡി.കെ 29 സീറ്റ് നേടിയിരുന്നു. ഡി.എം.കെ തകർന്നടിഞ്ഞതോടെ വിജയകാന്ത് പ്രതിപക്ഷ നേതാവുമായി.
















