ന്യൂദല്‍ഹി: നിസാര കാരണങ്ങള്‍ പറഞ്ഞ് സൗദി അറേബ്യയില്‍ അറസ്റ്റിലായ ഡ്രൈവറുടെ കരഞ്ഞുകൊണ്ടുള്ള സഹായ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു.
സൗദിയില്‍ ഡ്രൈവറായ അബുദുള്‍ സത്താര്‍ മാകണ്ടാര്‍ കണ്ണീരോടെ സഹായത്തിനായി അപേക്ഷിക്കുന്ന വീഡിയോ ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് യൂട്യൂബില്‍ നല്‍കിയത്. ഒരുമാസത്തിനുള്ളില്‍ രണ്ടുതവണയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്യുന്നത്. നേരത്തെ ഒരു തൊഴിലുടമ ഭാരതീയ യുവതിയുടെ കൈവെട്ടിയ കാര്യവും വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ വഴി ഡ്രൈവറുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഭാരത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. നയതന്ത്രതലത്തില്‍ വിഷയം കൈകാര്യം ചെയ്യുമെന്നും സുഷമ പറഞ്ഞു.
കര്‍ണാടക സ്വദേശിയായ സത്താര്‍ രണ്ടുവര്‍ഷം മുമ്പാണ് സൗദി അറേബ്യയില്‍ എത്തിയത്. ദല്‍ഹി ആസ്ഥാനമായ മനുഷ്യാവകാശ പ്രവര്‍ത്തകനായ കുനല്‍ ശ്രീവാസ്തവയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അഞ്ചു മാസം മുമ്പ് അവധിയ്‌ക്ക് അപേക്ഷിച്ചെങ്കിലും തൊഴിലുടമ അവധി നല്‍കിയില്ലായെന്നും ഇയാള്‍ പറയുന്നു.
















