ലണ്ടന്‍: ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന ലീസസ്റ്റര്‍ സിറ്റിക്ക് 31-ാം റൗണ്ടിലും വിജയം. ക്രിസ്റ്റല്‍ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് ലീസസ്റ്റര്‍ പരാജയപ്പെടുത്തി. കളിയുടെ 34-ാം മിനിറ്റില്‍ റിയാദ് മഹ്‌രെസാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലീസസ്റ്ററിന് എട്ട് പോയിന്റിന്റെ ലീഡായി. 31 കളികളില്‍ നിന്ന് 66 പോയിന്റാണ് അവര്‍ക്കുള്ളത്. ഒരു കളി കുറച്ചുകളിച്ച ടോട്ടനം 58 പോയിന്റുമായി രണ്ടാമത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിക്ക് സമനില. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌സില്‍ നടന്ന പോരാട്ടത്തില്‍ വെസ്റ്റ്ഹാമാണ് നീലപ്പടയെ 2-2ന് സമനിലയില്‍ തളച്ചത്. 89-ാം മിനിറ്റില്‍ ഫാബ്രിഗസ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് ചെല്‍സിക്ക് സമനില സമ്മാനിച്ചത്. ആദ്യ ഗോളും ഫാബ്രിഗസിന്റെ വകയായിരുന്നു. 2009 ഡിസംബറിനുശേഷം ഫാബ്രിഗസ് ഒരു മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്നത് ആദ്യമായാണ്. രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് ചെല്‍സി സമനില പിടിച്ചെടുത്തത്. കളിയുടെ 17-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് മാനുവല്‍ ലാന്‍സിനി പായിച്ച ഷോട്ടാണ് ആദ്യം ചെല്‍സി വലയില്‍ കയറിയത്. ആദ്യപകുതിയുടെ പരിക്ക് സമയത്ത് ഫ്രീകിക്കിലൂടെ ഫാബ്രിഗസ് ടീമിന് സമനില നേടിക്കൊടുത്തു. പിന്നീട് 61-ാം മിനിറ്റില്‍ ആന്‍ഡി കരോള്‍ ലക്ഷ്യം കണ്ടതോടെ വെസ്റ്റ്ഹാം വീണ്ടും മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഫാബ്രിഗസ് ടീമിന് സമനില നേടിക്കൊടുത്തു. 30 കളികളില്‍ നിന്ന് 41 പോയിന്റുമായി ചെല്‍സി 10-ാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടണെ കീഴടക്കി. 7-ാം മിനിറ്റില്‍ ഡാനി വെല്‍ബാക്കും 42-ാം മിനിറ്റില്‍ അലക്‌സ് ഇവോബിയും ഗണ്ണേഴ്‌സിന്റെ സ്‌കോറര്‍മാര്‍. 30 കളികളില്‍ നിന്ന് 55 പോയിന്റുള്ള ആഴ്‌സണല്‍ മൂന്നാമത്.
മറ്റ് മത്സരങ്ങളില്‍ സ്‌റ്റോക്ക് സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെയും നോര്‍വിച്ച് 1-0ന് വെസ്റ്റ് ബ്രോംവിച്ചിനെയും സ്വാന്‍സീ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയെയും പരാജയപ്പെടുത്തി.
















