മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് അപ്രതീക്ഷിത തിരിച്ചടി. എവേ മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഗിജോണാണ് അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അത്. മാഡ്രിഡ് പരാജയം ഏറ്റുവാങ്ങിയത്. അപ്രതീക്ഷിത പരാജയത്തോടെ അവരുടെ കിരീട സ്വപ്‌നത്തിന് കനത്ത തിരിച്ചടിയായി. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് അത്‌ലറ്റികോ രണ്ടെണ്ണം മടക്കിവാങ്ങിയത്.
കളിയുടെ 29-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാന്‍ അത്‌ലറ്റികോയെ മുന്നിലെത്തിച്ചു. ഫ്രീകിക്കിലൂടെയായിരുന്നു ഗ്രീസ്മാന്റെ ഗോള്‍. എന്നാല്‍ മത്സരം അവസാനിക്കാന്‍ 11 മിനിറ്റ് ബാക്കിനില്‍ക്കേ അന്റോണിയോ സനാബ്രിയ സ്‌പോര്‍ട്ടിംഗിന്റെ സമനില ഗോള്‍ നേടി. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കേ കാസ്‌ട്രോ ഗാര്‍ഷ്യ നേടിയ ഗോളിലൂടെ സ്‌പോര്‍ട്ടിംഗ് വിജയവും സ്വന്തമാക്കി. പരാജയപ്പെട്ടെങ്കിലും 30 കളികളില്‍ നിന്ന് 67 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 29 കളികളില്‍ നിന്ന് 75 പോയിന്റുള്ള ബാഴ്‌സ ഒന്നാമത്.
മറ്റ് മത്സരങ്ങളില്‍ ഡിപോര്‍ട്ടീവോ കൊരൂണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെവന്റയെയും ലാസ് പല്‍മാസ് 1-0ന് റയല്‍ സോസിഡാഡിനെയും മലാഗ 1-0ന് റയല്‍ ബെറ്റിസിനെയും പരാജയപ്പെടുത്തിയപ്പോള്‍ ഗ്രനാഡ-റയല്‍ വയ്യക്കാനോ കളി 2-2ന് സമനിലയില്‍ കലാശിച്ചു.
















