ഇരിക്കൂര്‍: പുറത്ത് രാഷ്‌ട്രീയ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ഇരിക്കൂര്‍ പെടയങ്ങോടുള്ള ഷുക്കൂറിന്റെ ചായപീടികയില്‍ ഇത്തവണ ചര്‍ച്ചയായത് വീരാന്‍ കുട്ടിയുടെ മിണ്ടാപ്രാണികള്‍ എന്ന കവിതാസമാഹാരം. ചുട്ടുപൊള്ളുന്ന ഈ ചൂടിലും നിരവധി പേരാണ് ചര്‍ച്ച കേള്‍ക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനുമായി ഷുക്കൂറിന്റെ ചായക്കടയിലെത്തിയത്. എഴുത്തുകാരനും അധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ പങ്കെടുത്ത ചര്‍ച്ച അതവരണത്തിലെ ലാളിത്യം കൊണ്ടും അതിലുപരി എഴുത്തിനെ സ്‌നേഹിക്കുന്ന നിരവധിപ്പേരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മരിച്ച മനുഷ്യന്റെ നിസ്സഹായതയെ അവതരിപ്പിക്കുന്ന മിണ്ടാപ്രാണികള്‍ മുതല്‍ പുഴുവിനും മണ്ണിരയ്‌ക്കും ശേഷം ഇടമുണ്ടെങ്കില്‍ മാത്രം മനുഷ്യനെ ഒരു മൂലയില്‍ വെച്ചാല്‍ മതി എന്ന് പറയുന്ന ഇന്‍സ്റ്റലേഷന്‍ വരെയുള്ള 56 കവിതകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈണവും താളവുമുള്ള കവിതകളെ ചവറ്റുകൊട്ടയില്‍ തള്ളുന്ന ഇക്കാലത്ത് ഇത്തരം കവിതകളെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഉദ്ഘാടകന്‍ പറഞ്ഞു. വാക്കുകളിലെ ലാളിത്യമാണ് വീരീന്‍കുട്ടിയുടെ കവിതകളുടെ പ്രത്യേകതയെന്നും ഒരു കുട്ടി ലോകം കാണുന്ന രീതിയിലുള്ള നിഷ്‌കളങ്കമായ ആവിഷ്‌കാരമാണ് അദ്ദേഹത്തിന്റെ കവിതകളെന്നും ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ വ്യക്തമാക്കി. പ്രകൃതിയേയും സമൂഹത്തേയും വ്യത്യസ്തമായും ലളിതമായും നോക്കിക്കാണുന്ന കവിതകളുടെ സമാഹാരമാണ് മിണ്ടാപ്രാണികളെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിലയിരുത്തി.
അപ്പൂപ്പന്‍ താടിയെയും തൊട്ടാവാടിയെയും പുഴയേയും കാറ്റിനെയുമൊക്കെക്കുറിച്ചുള്ള കവിതകളുടെ ചര്‍ച്ചയ്‌ക്കിടയില്‍ ചേമ്പും കട്ടന്‍കാപ്പിയും നല്‍കി ഷുക്കൂര്‍ അതിഥികളെ സല്‍ക്കരിച്ചു. കവി വീരാന്‍ കുട്ടി, ദീപേഷ് കരിമ്പുങ്കര, സ്മിത പന്ന്യന്‍, രമേശന്‍ ബ്ലാത്തൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















